എറണാകുളം: ലോക്ക് ഡൗൺ കാലത്ത് ജില്ലയിലെ വിവിധ തൊഴിൽ മേഖലയിലുള്ള അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുകയാണ് തൊഴിൽ വകുപ്പ്. ലോക്ക് ഡൗൺ ആരംഭിച്ച ദിവസം മുതൽ ജില്ലാ ലേബർ ഓഫീസിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റെർ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കോൾ സെന്റെറിൽ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ വി.ബി.ബിജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്.

അയ്യപ്പൻകാവിൽ താമസിക്കുന്ന ബീഹാറിൽ നിന്നും, പശ്ചിമ ബംഗാളിൽ നിന്നുമുള്ള
12 തൊഴിലാളികൾ രാവിലെ തങ്ങളുടെ ബുദ്ധിമുട്ടുകൾ കോൾ സെന്റെറിൽ അറിയിച്ചതിനെത്തുടർന്ന് ജില്ലാലേബർ ഓഫീസർ ഉച്ചയോടെ അവിടെ നേരിട്ട് എത്തി. തൊഴിലാളികളുടെ ആവശ്യം ന്യായമാണെണ് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ തീരുന്നത് വരെ ഇവർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ കൈമാറുകയും തുടർസേവനങ്ങൾ ഉറപ്പ് നൽകുകയും ചെയ്തു.