എറണാകുളം: ഈ മാസം 24 ന് ശേഷം സംസ്ഥാനത്തിന് പുറത്ത് നിന്ന് ജില്ലയിൽ എത്തുന്ന ട്രക്ക് തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനും അവരെ കൃത്യമായി നിരീക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ ബി.പി.സി.എൽ, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ അധികൃതർക്ക് നിർദേശം നൽകി.

അയൽ സംസ്ഥാനങ്ങളിൽ നിന്നും ട്രക്കുകളിൽ അനധികൃതമായി ആളുകളെ കടത്തുന്നത് തടയുന്നതിനായി ട്രക്ക് തൊഴിലാളികളുടെ വിവരങ്ങൾ പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.
ട്രക്കുകളുടെ അനധികൃത പാർക്കിംഗുകൾ ജില്ലയിൽ ഒരിടത്തും അനുവദിക്കില്ല.

ചുമ, പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങളുള്ള ട്രക്ക് തൊഴിലാളികൾ ഉടൻ ആരോഗ്യവകുപ്പ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ട മുളവുകാട് പ്രദേശങ്ങളിൽ എത്തുന്ന ട്രക്ക് തൊഴിലാളികളെ പ്രത്യേകമായി നിരീക്ഷിക്കും. സബ് കളക്ടർ സ്നേഹിൽകുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ബി.പി.സി.എൽ, ഡി.പി വേൾഡ് പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.