പത്തനംതിട്ട: കോവിഡ് 19 രോഗബാധയ്ക്കിടെ ജീവിതശൈലി രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസവുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്.  ചെറുക്കാം നമുക്കീ മഹാമാരിയെ എന്ന പേരില്‍ ഇലവുംതിട്ട ഡിഡിആര്‍എല്‍ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ഇലവുംതിട്ട ജനമൈത്രി പോലീസ് നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം ആലക്കോട് കോളനിയില്‍ ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ആര്‍. സുധാകരന്‍ പിള്ള നിര്‍വഹിച്ചു.

കോളനികളില്‍ പോലീസ് വാഹനത്തിലെത്തി ജീവിത ശൈലി രോഗനിര്‍ണയം നടത്തുകയും തുടര്‍ന്ന് തുടര്‍ ചികിത്സ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്. രക്ത സമ്മര്‍ദം, പ്രമേഹം എന്നിവയാണ് പരിശോധിക്കുക. കോവിഡ് പെരുമാറ്റചട്ടം പാലിച്ചാണ് ക്യാമ്പ് ഒരുക്കിയത്. മരുന്നുകള്‍ ആവശ്യമായവര്‍ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ വഴി അതിനുള്ള സൗകര്യം ഒരുക്കും. ഇരുപതോളം കോളനികളാണ് സ്റ്റേഷന്‍ പരിധിയിലുള്ളത്.

ഇലവുംതിട്ട എസ്എച്ച്ഒ ടികെ വിനോദ് കൃഷണന്‍, എസ്.ഐ. ടിപി ശശികുമാര്‍, സജു നായര്‍, കെഎസ് സജു, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ എസ്. അന്‍വര്‍ഷാ, ജനമൈത്രി സമിതി അംഗങ്ങളായ ആര്‍. പ്രശാന്ത്, താജുദീന്‍ എന്നിവര്‍ പങ്കെടുത്തു.