ലോക് ഡൗണ്‍ കാലത്ത് കോട്ടയം ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് ഊര്‍ജ്ജിത സാന്നിധ്യമറിയിച്ച ആപ്ത മിത്ര വോളണ്ടിയര്‍മാരുടെ സേവനം ഇനി ആശുപത്രികളിലും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിലും ജനറല്‍ ആശുപത്രിലും തിരക്ക് നിയന്ത്രിക്കുന്ന ജോലിയും ബോധവത്കരണവുമായാണ് ഇവര്‍ സജീവമാകുന്നത്.
മാസ്ക് ധരിക്കാതെ ആശുപത്രിയിലേക്കെത്തുന്നവര്‍ ഗേറ്റു കടക്കും മുമ്പേ മാസ്കോ തൂവാലയോ ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ നിര്‍ദേശം നല്‍കുക, ഒ.പി ടിക്കറ്റ് കൗണ്ടറില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ രോഗികളെ സഹായിക്കുക, ആശുപത്രികളിലെ ബ്രേക്ക് ദ് ചെയിന്‍ കിയോസ്ക്കുകളും സാനിട്ടെസറും ഉപയോഗിക്കുന്നതിന് ബോധവത്കരണവും നടത്തുക തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എല്ലാ ഒ. പി. വാര്‍ഡുകളിലും അത്യാഹിത വിഭാഗം, ലാബുകള്‍ എന്നിവിടങ്ങളിലും രണ്ട് വോളണ്ടിയര്‍മാര്‍ വീതം തിരക്ക് നിയന്ത്രിക്കുന്നു. ഇവിടെ 32 വോളണ്ടിയര്‍മാരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 15 വോളണ്ടിയര്‍മാരുമാണുള്ളത്.
ദേശീയ -സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആപ്ത മിത്രയ്ക്ക് കോട്ടയം ജില്ലയില്‍ 200 വോളണ്ടിയര്‍മാരുണ്ട്. കേരള ഫയര്‍ ഫോഴ്സ് അക്കാദമിയില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ നാല്‍പ്പതു പേരെ വീതമാണ് ഓരോ ഫയര്‍ സ്റ്റേഷനു കീഴിലും നിയോഗിച്ചിട്ടുള്ളത്.
ലോക് ഡൗണ്‍ ദിവസങ്ങളില്‍ വിവിധ മേഖലകളിലെ രോഗികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകളും കേള്‍വി വൈകല്യമുള്ളവര്‍ക്ക് സഹായ ഉപകരണത്തിന്‍റെ ബാറ്ററികളും ഇവര്‍ യഥാസമയം എത്തിച്ചു നല്‍കി. ചില കമ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനത്തിലും പായിപ്പാട് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണസാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും അണുനശീകരണത്തിലും ശുചീകരണ യജ്ഞത്തിലും പങ്കാളികളായി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലും ആപ്ത മിത്ര വോളണ്ടിയര്‍മാരുടെ മുഴുവന്‍ സമയ സേവനമുണ്ട്.