കണ്ണൂർ: നിലവിലെ പ്രതിസന്ധിയെ മറികടക്കാമെന്ന ശുഭാപ്തി വിശ്വാസത്തോടൊപ്പം അടുത്ത തവണ ജോലിയില്‍ പ്രവേശിക്കുമ്പോഴേക്കും കോവിഡ് ബാധിതരുടെ എണ്ണം കുറയണമേ എന്ന പ്രാര്‍ത്ഥനയോടെയാണ് അഞ്ചരക്കണ്ടി കോവിഡ് 19 ആശുപത്രിയിലെ രണ്ടാമത്തെ മെഡിക്കല്‍ സംഘം രണ്ടാഴ്ച്ചക്കാലത്തെ നിരീക്ഷണത്തിലേക്ക് പോകുന്നത്.
10 ഡോക്ടര്‍മാര്‍, 4 ഹെഡ്നഴ്സ്, സ്റ്റാഫ് നഴ്സ് 23, നഴ്സിങ്ങ് അസിസ്റ്റന്റ് 12, ജെ എച്ച് ഐ 2, പാരാമെഡിക്കല്‍ സ്റ്റാഫ് 8, ഫാര്‍മസിസ്റ്റ് 2, ലാബ് ടെക്നീഷ്യന്‍ 1, എക്സറെ ടെക്നീഷ്യന്‍ 1, ക്ലീനിങ്ങ് സ്റ്റാഫ് 10 എന്നിങ്ങനെ 73 പേരാണ് രണ്ടാമത്തെ പ്രത്യേക സംഘത്തിലുണ്ടായിരുന്നത്. ആദ്യ ബാച്ച് നിരീക്ഷണത്തില്‍ പോയശേഷം ഏപ്രില്‍ ഒമ്പതിനാണ് ഈ സംഘം ജോലിയില്‍ പ്രവേശിക്കുന്നത്.
ആദ്യത്തെ കുറച്ച് ദിവസം വലിയ പ്രതിസന്ധികള്‍ ഉണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ആശങ്കയ്ക്ക് ഇടയാക്കും മുമ്പേ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും കൃത്യമായ പരിചരണത്തിലൂടെയും രോഗികള്‍ക്ക് ആശ്വാസമാകാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയിലാണ് ഈ 73 പേരും. 10 പേരാണ് ഈ കാലയളവില്‍ രോഗവിമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ആകെ 21 പേര്‍ രോഗവിമുക്തി നേടി.
ആദ്യഘട്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളവരില്‍ പ്രായമായവരും കുട്ടികളും കൂടി ഉള്‍പ്പെട്ടതിനാല്‍ കൂട്ടിരിപ്പുകാരുടെ കടമ കൂടി നഴ്സുമാരുള്‍പ്പെടെയുളളവര്‍ക്ക് നിര്‍വഹിക്കേണ്ടിവന്നതായും ഇവര്‍ പറയുന്നു. പി പി ഇ കിറ്റിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മുഖം നേരിട്ട് കാണാന്‍ സാധിച്ചതിലുള്ള സന്തോഷവും രോഗികള്‍ക്ക് ആശ്വസാകമാകുന്നുണ്ട്.
പുതുതായി ആരംഭിച്ച റോബോട്ടിക് സംവിധാനത്തിലൂടെ വീഡിയോ റൗണ്ട്സ് നടത്തിയുമാണ് ഡോക്ടര്‍മാര്‍ രോഗികളുമായി സംവദിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ തങ്ങളുടെ ഉത്തരവദിത്തം ഏറുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ കാര്യങ്ങള്‍ ഏകോപ്പിക്കുന്ന നോഡല്‍ ഓഫീസര്‍ ഡോ. സി അജിത്ത് കുമാര്‍ പറയുന്നു.
ആശങ്കകളെയൊക്കെ അസ്ഥാനത്താക്കി രോഗികള്‍ക്ക് കൂടുതല്‍ കരുത്തുപകരണമെന്ന് സംഘം കൂട്ടായ തീരുമാനമെടുക്കുകയായിരുന്നു. അതുകൊണ്ട് ഭയമേതുമില്ലാതെ ഊര്‍ജ്ജസ്വലതയോടെ എല്ലാവരും പ്രവര്‍ത്തിക്കുകയും ചെയ്തു. പ്രായമായവര്‍ക്ക് മാനസിക പിന്തുണ നല്‍കലായിരുന്നു ഇതില്‍ ഏറ്റവും പ്രധാന്യം. വീഡിയോ റൗണ്ട്സ് തുടങ്ങിയതോടെ ഇത് കൂടുതല്‍ എളുപ്പമായതായി അദ്ദേഹം വ്യക്തമാക്കി.
സംഘത്തില്‍ ഇല്ലാതിരുന്നിട്ടും കോവിഡ് പോരാട്ടത്തിന്റെ ഭാഗമാകണമെന്ന നിശ്ചയദാര്‍ഡ്യത്തോടെ മുന്നോട്ട് വന്ന ഡോക്ടര്‍ അമൃത, സംഘത്തിലെ ദമ്പതിമാരായ ഡോക്ടര്‍ അപര്‍ണ്ണയും ഡോക്ടര്‍ അഖിലും ഇങ്ങനെ ഒട്ടനവധി പേരും പോരാട്ടത്തിലെ താരങ്ങളായുണ്ട്. കണ്ണൂരിലെ ബ്ലൂനെയില്‍ ഹോട്ടലിലെ നിരീക്ഷണത്തിലേക്ക് പോകുമ്പോള്‍ ഈ രണ്ടാഴ്ച്ചക്കാലത്തെ അനുഭവങ്ങള്‍ പകര്‍ത്തിവെക്കാന്‍ തന്നെയാണ് സംഘാംഗങ്ങളുടെ തീരുമാനം.
ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടാഴ്ച്ചക്കാലത്തെ അനുഭവങ്ങളില്‍ നിന്നുമുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നിരീക്ഷണത്തിന് ശേഷം കൂടുതല്‍ കരുത്തോടെ കോവിഡിനെതിരെ പോരാടാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍. കോവിഡ് രോഗികളെ ചികില്‍സിക്കുന്ന ആറാം നിലയില്‍ നിന്ന് കൊറോണ ചികില്‍സാ സംഘം കോണിപ്പടികള്‍ ഇറങ്ങിവന്നപ്പോള്‍, അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ കൈയടിച്ചും സുരക്ഷാ ജീവനക്കാര്‍ സല്യൂട്ട് നല്‍കിയുമാണ് യാത്രയാക്കിയത്.