പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ ഭാഗമായി ലഭിച്ച രചനകളുടെ ആദ്യ വോള്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ആദ്യപ്രതി ഏറ്റുവാങ്ങി.
കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനു വേണ്ടി രാജ്യത്താകെ നടപ്പിലാക്കിയിട്ടുള്ള ലോക്ക്‌ഡൌണിന്റെ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം ‘അക്ഷരവൃക്ഷം’ എന്ന പദ്ധതി നടപ്പിലാക്കിയത്.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം എന്നിവ ശേഖരിച്ച് പ്രസിദ്ധീകരിക്കുക എന്നതാണ് പദ്ധതി. ഈ അവസരം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിനിയോഗിച്ചു. കുട്ടികളുടെ പ്രതികരണം വിസ്മയകരമായിരുന്നു. ഇതുവരെ 40,000 ൽ പരം രചനകൾ ഈ മൂന്നു വിഭാഗങ്ങളിലായി ലഭിച്ചിട്ടുണ്ട്.
ഇവയിൽ നിന്ന് ആദ്യത്തെ 10,000 രചനകളിൽ കോവിഡ് സംബന്ധിയായ സൃഷ്ടികൾ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യവോള്യം തയ്യാറാക്കിയത്. 148 കവിതകളും 76 കഥകളും 94 ലേഖനങ്ങളും ഈ വോള്യത്തിലെ മൂന്നു പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് തയ്യാറാക്കിട്ടുള്ള സ്‌കൂൾ വിക്കിയിലാണ് രചനകൾ സന്നിവേശിപ്പിച്ചിട്ടുള്ളത്. എസ്.സി.ഇ.ആർ.ടി.യാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
പുസ്തകങ്ങളുടെ മനോഹരമായ പുറംചട്ട തയാറാക്കിയത് വയനാട് ജി.എച്ച്.എസ്.എസ്. തരിയോടിലെ അധ്യാപകനായ എൻ.റ്റി. രാജീവാണ്. അഞ്ചു ദിവസംകൊണ്ടാണ് പുസ്തക രൂപത്തിലേക്ക് ഈ കൃതികൾ മാറ്റിയത്. മെയ് അഞ്ചുവരെ ലഭിക്കുന്ന രചനകൾ കൂടി ഇത്തരത്തിൽ പരിശോധിച്ച് എസ്.സി.ഇ.ആർ.ടി പുസ്തകങ്ങളായി പ്രസിദ്ധീകരിക്കും. പ്രകാശന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥും സംബന്ധിച്ചു.