എറണാകുളം: ജില്ലയിൽ കൊച്ചി നഗരസഭയിലെ 8, 65- ഡിവിഷനുകൾ മാത്രമാണ് ഹോട്ട്സ്പോട്ടുകളെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഈ ഡിവിഷനുകളിൽ മെയ് 03 വരെ ലോക് ഡൗൺ ഇളവുകളില്ലാതെ തുടരും. ചുള്ളിക്കൽ – പനയപ്പള്ളി മേഖലയാണ് എട്ടാം ഡിവിഷൻ. കലൂർ സൗത്ത് കതൃക്കടവ് ഭാഗമാണ് 65.
മുളവുകാട് പഞ്ചായത്തിനെയും കോര്‍പ്പറേഷനിലെ മറ്റ് ഡിവിഷനുകളെയും ഹോട്‌സ്‌പോട്ട് പരിധിയില്‍ നിന്ന് ഒഴിവാക്കി
പൊലീസ്, ആരോഗ്യം വകുപ്പുകളുമായി ചർച്ചയ്ക്കു ശേഷമാണ് കളക്ടർ ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചത്. തുടർന്ന് നടന്ന വീഡിയോ കോൺഫറൻസിൽ ചീഫ് സെക്രട്ടറി ടോം ജോസിനെയും കളക്ടർ വിവരം ധരിപ്പിച്ചു.
സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള അതേ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
ഹോട്‌സ്‌പോട്ട് ഒഴികെയുള്ള ഇടങ്ങളില്‍ സർക്കാർ പ്രഖ്യാപിച്ച ഇളവുകള്‍ തുടരുമെങ്കിലും അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ല യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ട്രക്കുകളിലും മറ്റും അനധികൃതമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കാനും നിസാര കാരണങ്ങള്‍ കാണിച്ച് യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കാനും കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.
ഹോട്‌സ്‌പോട്ടുകൾ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുമെന്നും പുതിയ സ്ഥലങ്ങള്‍ ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കാനുള്ള നടപടി സ്വീകരിച്ചതായി കളക്ടര്‍ പറഞ്ഞു. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, എസ്. പി .കെ കാര്‍ത്തിക്ക്, ഡി.സി.പി ജി പൂങ്കുഴലി, കേരള ആംഡ് ബറ്റാലിയന്‍ 1 കമാന്‍ഡന്റ് വൈഭവ് സക്‌സേന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ, അഡീ ഡി എം.ഒ എസ് ശ്രീദേവി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.