കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ള ജില്ലയെന്ന നിലയിൽ കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊലീസ് പരിശോധന ശക്തമാക്കിയതിന്റെ ഫലം കണ്ടിട്ടുണ്ട്. വാഹനങ്ങൾ പുറത്തിറങ്ങുന്നതിൽ കാര്യമായ കുറവുണ്ട്. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങൾ പൂർണമായി സീൽ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തലിറങ്ങിയതിന് ചൊവ്വാഴ്ച 437 കേസുകൾ രജിസ്റ്റർ ചെയ്യുകയും 347 വാഹനങ്ങൾ പിടിച്ചെടുകയും ചെയ്തു.

ജില്ലയിലെ സ്ഥിതിയുടെ തീവ്രത കണക്കിലെടുത്ത് ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിലും ജനങ്ങൾ പരമാവധി പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണം. അവശ്യ വസ്തുക്കൾ ഹോം ഡെലിവെറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കും. ആരോഗ്യ ജീവനക്കാരെ പൊലീസ് തടയുന്ന സാഹചര്യമുണ്ടാകരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.