പരീക്ഷാക്കാലം മുന്‍നിര്‍ത്തി ശബ്ദമലിനീകരണത്തിനെതിരെ കര്‍ശന നടപടികള്‍ക്ക് ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഉച്ചഭാഷിണികള്‍ അനുവദനീയമായ തോതിലും കൂടുതല്‍ ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പരിശോധിക്കുന്നതിന് അസി. കളക്ടര്‍ അനുപം മിശ്രയുടെ നേതൃത്വത്തില്‍ പ്രതേ്യക സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
സ്‌ക്വാഡ് ഇന്ന് (ഫെബ്രുവരി 13) വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തും. തഹസീല്‍ദാര്‍, ബന്ധപ്പെട്ട സ്റ്റേഷന്‍ഹൗസ് ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സ്‌ക്വാഡ്. പൊതുനിരത്തുകളില്‍ 75 ഡെസിബലിലും ജനവാസകേന്ദ്രങ്ങളില്‍ 65 ഡെസിബലിലും ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗം കര്‍ശനമായി നിരോധിക്കും. മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്കും സംഘാടകര്‍ക്കുമെതിരെ വിവിധ നിയമങ്ങളനുസരിച്ച് തടവും പിഴയുമടക്കമുള്ള ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് ശബ്ദമലിനീകരണം സംബന്ധിച്ച പരാതികള്‍ 606 2 606 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്.