കോവിഡ് 19നെ പ്രതിരോധിക്കാൻ നമ്മുടെ വ്യവസായ മേഖല പ്രസംശസനീയമായി ഇടപെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകം മുഴുവൻ മെഡിക്കൽ വസ്തുക്കളായ പിപിഇ കിറ്റ്, എൻ95 മാസ്‌ക്, വെന്റിലേറ്റർ എന്നിവയ്ക്ക് ക്ഷാമം നേരിടുമ്പോൾ കേരളത്തിലെ വ്യവസായികൾ അവ സ്വയം ഉൽപാദിപ്പിക്കാൻ സന്നദ്ധരായി. ഇത് സംസ്ഥാനത്തിന്റെ ആകെ നേട്ടമാണ്.
കൊച്ചി ആസ്ഥാനമായുളള കിറ്റക്സ് ഗാർമെന്റ്സ് പിപിഇ കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേന്ദ്രസർക്കാർ നിഷ്‌കർഷിച്ച മാനദണ്ഡപ്രകാരം നിർമിച്ചതാണിവ. പ്രതിദിനം 20,000 കിറ്റ് ഉണ്ടാക്കാനുളള ശേഷി ഇവർക്കുണ്ട്.
മറ്റൊരു പ്രധാന നേട്ടം കേരളത്തിൽ തന്നെ എൻ95 മാസ്‌ക് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന വ്യവസായം തുടങ്ങാനായതാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറോഫിൽ ഫിൽട്ടേഴ്സ് ഇന്ത്യ, സർക്കാരിന്റെ കീഴിലുള്ള മേക്കർ വില്ലേജിന്റെ സഹായത്തോടെയാണ് എൻ95 മാസ്‌ക് വികസിപ്പിച്ചെടുത്തത്. കേന്ദ്ര സർക്കാരിന്റെ ഗ്വാളിയർ ലാബിന്റെ അനുമതി കിട്ടിയാൽ ഉൽപ്പാദനം തുടങ്ങും.
മറ്റൊന്ന് വെൻറിലേറ്ററുകളുടെ നിർമാണമാണ്. ഇന്ത്യയിൽ വെന്റിലേറ്റർ നിർമിക്കാൻ കഴിയുമോ എന്ന് വ്യവസായികളോട് സർക്കാർ ആരാഞ്ഞിരുന്നു. ഈ ദൗത്യം ഇന്ത്യയിലെ തന്നെ മെഡിക്കൽ, ഇലക്ട്രോണിക്സ് മേഖലയിൽ മുൻപന്തിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. അവരുടെ കൊച്ചിയിലെ ഗവേഷണ കേന്ദ്രത്തിലെ എൻജിനീയർമാരുടെ പരിശ്രമ ഫലമായി പത്തു ദിവസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര ഗുണനിലവാരും പുലർത്തുന്ന വെന്റിലേറ്റർ വിജയകരമായി വികസിപ്പിച്ചെടുത്തു.
കേരളത്തിലെ വിദഗ്ധ ഡോക്ടർമാർ ഈ വെന്റിലേറ്ററിന്റെ പ്രവർത്തനം വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിയമാനുസൃതമായ എല്ലാ അനുമതികളും കരസ്ഥമാക്കി ഉയർന്ന ഗുണനിലവാരവും വിലക്കുറവുമുള്ള ഈ വെന്റിലേറ്റർ ലഭ്യമാക്കാൻ വേഗം സാധ്യമാകും എന്നാണ് പ്രതീക്ഷ.
സർജിക്കൽ ഗ്ലൗസിന്റെ ഉൽപാദനം സംസ്ഥാനത്ത് മികച്ച രീതിയിൽ നടക്കുന്നുണ്ട്. കിൻഫ്രാ പാർക്കിലെ യുബിയോ ഗൈ കമ്പനി കോവിഡ് 19ന്റെ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഐസിഎംആർ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. ഇതെല്ലാം കോവിഡ് 19 കാലത്തെ നേരിടാൻ എങ്ങനെ നമ്മുടെ വ്യവസായ ലോകം തയ്യാറായി എന്നതിന്റെ തെളിവാണ്.
കേരളത്തിൽ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരൻമാർക്ക് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് നൽകിയ സഹായത്തിനും പിന്തുണയ്ക്കും കേരള സർക്കാരിനും പൊലീസ് സേവനത്തിനും എയർപോർട്ട് അധികാരികൾക്കും ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈ കമ്മീഷണർ ജെർമി പിൽമോ ബെഡ്ഫോഡ് നന്ദി അറിയിച്ച് കത്തയച്ചിട്ടുണ്ട്.
എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ബ്രയാൻ ലോക്ക്വുഡിനോടും ഭാര്യയോടും താൻ സംസാരിച്ചു എന്നും അവിടെ ലഭിച്ച മികച്ച ചികിത്സയെ നന്ദിപൂർവം അവർ സ്മരിച്ചെന്നും കത്തിൽ പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.