മുൻ എംപിമാർ, എംഎൽഎമാർ എന്നിവരോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.
വർക്കല നിയോജക മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകളും, സ്ഥാപനങ്ങളും, വ്യക്തികളും ചേർന്ന് 57,85,056 രൂപ കൈമാറി.

കോഴിക്കോട് കക്കട്ടിൽ റൂറൽ സഹകരണ ബാങ്ക് ജീവനക്കാർ അവരുടെ ശബളവും ബാങ്ക് വിഹിതവും ചേർത്ത് 25 ലക്ഷം രൂപ, കൊടുവള്ളി, എളേറ്റിൽ പുല്ലടി ഷാജഹാന്റെ മകൻ ജഹലിൽ തന്റെ സുന്നത്ത് കർമ്മത്തിന്റെ സഹയമായി ലഭിച്ച 51,000 രൂപ, വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ സക്കാത്ത് ധനസഹായത്തിനായി മാറ്റി വച്ചിരുന്ന ഒരു ലക്ഷത്തി അൻപതിനായിരം രൂപ എന്നിവ ലഭിച്ചു.
വർക്കല റെയിൽവേ സ്റ്റേഷൻ മല്ലികാ മന്ദിരത്തിൽ രവീന്ദ്രനാഥ് തന്റെ ഒരു വർഷത്തെ വികലാംഗ പെൻഷൻ തുക കൈമാറി. രണ്ടു കാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ട അദ്ദേഹം വീൽചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്.

പെരിങ്ങമല യുപി സ്‌കൂൾ വിദ്യാർത്ഥി അജു എസ് തന്റെ ഭിന്നശേഷി പെൻഷൻ തുകയായ 1301 രൂപ കൈമാറി. നാവായിക്കുള്ളം ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ രണ്ട് ബാച്ച് സ്റ്റുഡന്റെ കേഡറ്റുകൾ വിഷുകൈനീട്ടമായി ലഭിച്ച 11,000 രൂപ, കക്കാട്ടിൽ സ്വദേശി ഹൃദയ കിരൺ, സൗഹൃദ് കിരണൻ എന്നീ കുട്ടി സഹോദരങ്ങൾ വിഷുകൈനീട്ടമായി ലഭിച്ച തുകയും മറ്റും ചേർത്ത് 25,000 രൂപ, ബാലഗോകുലം വിവിധ ജില്ലകളിലെ കുട്ടികളിൽ നിന്ന് വിഷുകൈനീട്ടമായി സമാഹരിച്ച 4,63,087 രൂപ, കൊല്ലം മനോവികാസ് സ്പെഷ്യൽ സ്‌കൂളിലെ കുട്ടികൾ തങ്ങൾക്ക് വിഷുകൈനീട്ടമായി ലഭിച്ച തുകയായ 76,341 രൂപ എന്നിവ കൈമാറി.

കരുനാഗപ്പള്ളി പോക്കാട്ടുത്തറയിൽ ഗോപാലൻ തന്റെ കർഷക തൊഴിലാളി പെൻഷൻതുകയും വിഷു കൈനീട്ടവും ചേർത്ത്  10,001 രൂപ നൽകി. അഡൂർ വില്ലേജിലെ ബളക്കിലയിലെ കർഷകൻ എ ബി അഹമ്മദ് അലി  മൂന്ന് ലക്ഷം രൂപ സംഭാവന നൽകി. മിതൃമ്മല സർവ്വീസ് സഹകരണ ബാങ്ക് 9,72,075 രൂപ കൈമാറി.