തൃശ്ശൂർ: ലോക് ഡൗൺ ആരംഭിച്ചത് മുതൽ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുളള കമ്മ്യൂണിറ്റി കിച്ചൻ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുകയാണ്. ദിനം പ്രതി അതിഥി തൊഴിലാളികൾ ഉൾപ്പെടെ 500 ഓളം പേർക്ക് മൂന്ന് നേരത്തെ ഭക്ഷണം നൽകി വരുന്ന ഗ്രാമ പഞ്ചായത്ത് കോവിഡ് 19 പ്രതി രോധ പ്രവർത്തനങ്ങൾക്ക് മാതൃകയാവുകയാണ്.

ഈയവസരത്തിൽ വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. പി കെ രാധകൃഷ്ണന്റെ നേതൃത്വത്തിൽ ഡോക്ടർമാർ, പൊതുജനാരോഗ്യ പ്രവർത്തകർ, നഴ്സുമാർ, ഫാർമസി, ലാബ്, ഓഫീസ്, പാലീയേറ്റീവ്, ആരോഗ്യ കേരളം ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ സ്വരൂപിച്ച 17250 രൂപ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അവശ്യ സാധനങ്ങൾ വാങ്ങുന്നതിലേക്കായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരിക്ക് കൈമാറി.

വൈസ് പ്രസിഡന്റ് ഷക്കീല ഉസ്മാൻ, വാർഡ് മെമ്പർ അബു, സിഡിഎസ് ചെയർ പേഴ്സൺ ഷീല, ജൂനിയർ സൂപ്രണ്ട് ലത, ഹെൽത്ത് ഇൻസ്പെക്ടർ കെ ഗോപകുമാർ, സ്റ്റാഫ് സെക്രട്ടറി വിഷ്ണുദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിമോദ് വി, പ്രിൻസ് ടി ജെ എന്നിവർ പങ്കെടുത്തു.