ദേശീയ ജലപാത വികസന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജലപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയാണിത്. കോവളം മുതല്‍ ബേക്കല്‍ വരെ 610 കിലോമീറ്റര്‍ നീളത്തിലാണ് ജലപാത ഒരുക്കുന്നത്. നദികള്‍ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലങ്ങളുടെ ഉയരം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദഗ്ധരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. ജലപാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ സര്‍വീസ് നടത്തുന്നതിന് പരിസ്ഥിതി സൗഹൃദ ബോട്ടുകള്‍ ഉപയോഗിക്കണം. നദിയുടെ ആഴം കൂട്ടുന്നതിന് ഡ്രെഡ്ജിംഗ് നടത്തി മാറ്റുന്ന മണ്ണ് നിക്ഷേപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തണം. ജലപാത പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍കണം. ഭാവിയിലെ വികസനവും ടൂറിസം സാധ്യതകളും മുന്നില്‍ കണ്ടു വേണം പദ്ധതി നടപ്പാക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലെയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിച്ചു.
2020ഓടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 2022ല്‍ പദ്ധതി പൂര്‍ണമാവും. പാര്‍വതി പുത്തനാര്‍, വര്‍ക്കല കനാല്‍, കാനോലി കനാല്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ജലപാതകളിലേക്ക് കടക്കുന്നതിന് പ്രത്യേക മാര്‍ഗമുണ്ടാവും. പത്ത് ജില്ലകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജലപാതയില്‍ വിവിധ സ്ഥലങ്ങളില്‍ ടൂറിസം വില്ലേജുകള്‍ സ്ഥാപിക്കാനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. കനാലിലൂടെ ചരക്കു നീക്കം സാധ്യമാകുന്നതോടെ റോഡിലെ അമിത തിരക്ക് നിയന്ത്രിക്കാനും സാധിക്കും. പെട്രോളിയം ഉള്‍പ്പെടെയുള്ള അപകട സാധ്യതയുള്ള ചരക്കുകള്‍ ജലപാതയിലൂടെ കൊണ്ടുപോകാനാവുമെന്നതാണ് പ്രത്യേകത.
ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.