പത്തനംതിട്ട: ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ ജില്ലയില്‍ വെള്ളി ഉച്ചയ്ക്കു ശേഷം മുതല്‍ ശനി രണ്ടു മണി വരെ 289 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.  299 പേരെ അറസ്റ്റ് ചെയ്യുകയും 222 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലയില്‍ വ്യാജചാരായ വാറ്റിനെതിരെ റെയ്ഡുകള്‍ തുടരുന്നതിനിടെ ഇലവുംതിട്ട പോലീസ് 20 ലിറ്റര്‍ കോടയുമായി യുവാവിനെ പിടികൂടി. തടത്തില്‍പ്പടി എന്ന സ്ഥലത്ത് കടയോട് ചേര്‍ന്നുള്ള പുരയിടത്തില്‍ നിന്നാണ് വട്ടകുടി തെക്കേതില്‍ സജയകുമാറിനെ(40) എസ്‌ഐ ശശികുമാറുംസംഘവും അറസ്റ്റ് ചെയ്തത്.

ഏനാത്ത് ഇളംഗമംഗലത്ത് കല്ലടയാറിന്റെ തീരത്തു വാറ്റു ചാരായ വില്‍പന നടത്തിയതിന് ഏനാത്ത് പോലീസ് കേസെടുത്തു. എസ്‌ഐ വിപിന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം വച്ചു ചീട്ടുകളിച്ചതിന് അഞ്ചു പേരെ മണക്കാല ജനശക്തി നഗറില്‍നിന്നും അടൂര്‍ എസ്‌ഐ ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തു.

അതിഥി തൊഴിലാളികള്‍, അവശത അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് എല്ലാ സേവനങ്ങളും ജില്ലാ പോലീസ് ലഭ്യമാക്കുന്നുണ്ട്. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ പ്രയോജനപ്പെടുത്തി ലോക്കല്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇത്തരം വീടുകള്‍, താമസസ്ഥലങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സന്ദര്‍ശനം നടത്തിവരുന്നു.

അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണം, ആരോഗ്യപരിശോധന, അവരുടെ ഭാഷ അറിയാവുന്ന   ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പരാതികള്‍ കേള്‍ക്കല്‍, സിആര്‍പിഎഫ്, ഹോം ഗാര്‍ഡ് എന്നിവരെ പ്രയോജനപ്പെടുത്തി ബോധവത്കരണം എന്നിങ്ങനെ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.