പത്തനംതിട്ട: വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കുന്നതിനായി പത്തനംതിട്ട ജനറല്‍  ആശുപത്രിയിലും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ക്രമീകരണം ഏര്‍പ്പെടുത്തിയതായി വീണാ ജോര്‍ജ് എം എല്‍ എ അറിയിച്ചു. പ്രവാസികളായ ധാരാളം ആളുകള്‍ കോവിഡ് പോസിറ്റീവായി ചികിത്സ ലഭിക്കാതെ ഉണ്ട്. ദിവസേന അനേകം ആളുകള്‍ ഇത്തരത്തില്‍ ടെസ്റ്റ് റിസള്‍ട്ട് പൊസിറ്റീവായി ചികിത്സ ലഭിക്കാതെ വിളിക്കുന്ന സാഹചര്യത്തിലാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തുന്നതെന്ന് എം എല്‍ എ പറഞ്ഞു.

ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഡോക്ടേഴ്‌സ് ഇവരില്‍ പലരോടും സംസാരിക്കുന്നുണ്ട്. ആശുപത്രിയില്‍ പോകാന്‍ പോലും അനുവാദമില്ലാതെ ധാരാളം ആളുകള്‍ വിദേശത്ത് ഇപ്പോള്‍ ഉണ്ട്. ഇവരുടെ ആശങ്ക അകറ്റുന്നതിനും പിന്തുണ നല്‍കുന്നതിനുമാണ് രണ്ട് ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഡോക്ടേഴ്‌സിന്റെ സേവനം ലഭ്യമാക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് വീഡിയോ കോള്‍ അനുവദീയമല്ലാത്തതു കൊണ്ട് അത്യാവശമെങ്കില്‍ സ്‌കൈപ്പിലൂടെയും ഡോക്ടേഴ്‌സുമായി സംസാരിക്കുവുന്നതാണ്. പത്തനംതിട്ട ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സാജന്‍ മാത്യൂസ്, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍കുമാര്‍,  ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ  എന്നിവരുമായി  ഇതു സംബന്ധിച്ച് എംഎല്‍എ കൂടിയാലോചന നടത്തി. ഡോക്ടര്‍മാരുമായി സംസാരിക്കേണ്ടവര്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട് വിവരം അറിയിക്കണം. വിളിക്കേണ്ട നമ്പര്‍. 0468 2222218 (രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെ), 6282213688, 6238426756.