തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 890 പേരും ആശുപത്രികളിൽ 22 പേരും ഉൾപ്പെടെ ആകെ 912 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ഏപ്രിൽ 29) നിരീക്ഷണത്തിന്റെ ഭാഗമായി 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു.

ബുധനാഴ്ച (ഏപ്രിൽ 29) 32 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1221 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1044 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 177 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 260 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ബുധനാഴ്ച (ഏപ്രിൽ 29) 38 പേർക്ക് കൗൺസലിംഗ് നൽകി.

ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. ബുധനാഴ്ച (ഏപ്രിൽ 29) 814 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1626 പേരെയും മത്സ്യചന്തയിൽ 570 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 69 പേരെയും സ്‌ക്രീൻ ചെയ്തു.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തറയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

പ്രവാസികളുടെ മടങ്ങിവരവ്: 45000 ലേറെ പേർ എത്തുമെന്ന് പ്രതീക്ഷ

ലോക്ക് ഡൗൺ പൂർത്തിയാകുമ്പോൾ തൃശൂർ ജില്ലയിലേക്ക് 45036 പ്രവാസികൾ മടങ്ങിയെത്തുമെന്ന് പ്രാഥമിക കണക്ക്. തിരികെ എത്തുന്ന പ്രവാസി മലയാളികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് സംഘടിപ്പിച്ച വാർഡ്തല സർവെ പൂർത്തിയായതിന് ശേഷം നടത്തിയ അവലോകനത്തിലാണ് ഈ അനുമാനം. നഗരസഭകളിലും പഞ്ചായത്തുകളിലും റാപ്പിഡ് റസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് സർവെ നടത്തിയത്.

ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നിർദ്ദേശപ്രകാരം പൂർത്തിയാക്കിയ സർവേ പ്രകാരം 45036 പ്രവാസികൾ തിരികെ ജില്ലയിലെത്തും. തൃശൂർ കോർപ്പറേഷൻ പരിധിയിൽ 271 പേരും 7 നഗരസഭകളിലായി 5463 പേരും 86 ഗ്രാമപഞ്ചായത്തുകളിലായി 39302 പേരും മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 33642 പേർക്ക് അവരവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നതിനുളള സൗകര്യമുണ്ട്.

അവശേഷിക്കുന്ന 11394 പേരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുളള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുളള ഒരുക്കങ്ങളിലാണ് ജില്ലാ ഭരണകൂടം. കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്ന പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ജില്ലാ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (അപ്പ്‌ലേറ്റ് അതോറിറ്റി) കെ മധുവിന്റെ നേതൃത്വത്തിലാണ് സർവെ നടപടികൾ പൂർത്തിയാക്കിയത്.