ആലപ്പുഴ : സഹപ്രവർത്തകന്റെയും പ്രിയപ്പെട്ട ഗുരുനാഥന്റെയും ജോലിയിൽ നിന്നുള്ള വിരമിക്കൽ ചടങ്ങിനായി കരുതിയിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും വിദ്യാർത്ഥികളും. ദീർഘകാലം ആലപ്പുഴയുടെ ആതുരസേവന മേഖലയിൽ പ്രവർത്തിച്ച ആലപ്പുഴ മെഡിക്കൽ കോളേജിലെ ജെനറൽ മെഡിസിൻ വിഭാഗം മേധാവി ടി. ഡി ഉണ്ണികൃഷ്ണൻ കർത്തക്ക് യാത്രയയപ്പ് നൽകാൻ ഡോക്ടർമാരും വിദ്യാർത്ഥികളും ചേർന്നു സ്വരൂപിച്ച 107701 രൂപയാണ് ജില്ലാ കളക്ടർ എം. അഞ്ജനക്ക് ഇവർ കൈമാറിയത്.
ലോകമാകെ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നിൽക്കുമ്പോൾ ആഘോഷങ്ങൾ ഒന്നും വേണ്ടെന്ന മാതൃകാപരമായ തീരുമാനമാണ് മെഡിക്കൽ കോളേജിലെ ജെനറൽ മെഡിസിൻ വിഭാഗം കൈക്കൊണ്ടത്. ആരോഗ്യ പ്രവർത്തകരടക്കം രാപകലില്ലാതെ കൊറോണക്കെതിരെയുള്ള പ്രതിരോധത്തിൽ അക്ഷീണം പ്രവർത്തിക്കുമ്പോൾ ആഘോഷങ്ങൾക്കല്ല ഇത്തരം സഹായങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് തുക കൈമാറിയ ശേഷം ഡോ : ടി. ഡി ഉണ്ണികൃഷ്ണൻ കർത്ത പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ : ആർ. വി രാംലാലിനൊപ്പം എത്തിയാണ് ഡോ : കർത്ത കലക്ടർക് തുക കൈമാറിയത്.