എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്  ഉദ്ഘാടനം ചെയ്തു
ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി  ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനായി എക്‌സൈസ് വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനാപുരം കല്ലുകടവില്‍ എക്‌സൈസ് വകുപ്പിന്റെ പുതിയ സര്‍ക്കിള്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വകുപ്പില്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ കുറവ് നികത്തും. പത്തനാപുരത്ത് ഉള്‍പ്പെടെ പുതിയതായി തുടങ്ങുന്ന ആറ് ഓഫീസുകള്‍ക്കായി 84 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആദിവാസി മേഖലയില്‍ ജനമൈത്രി ഓഫീസുകള്‍ തുടങ്ങാന്‍ കഴിഞ്ഞു. 50 കോടി രൂപ ചെലവില്‍ എക്‌സൈസ് ടവറുകളും സ്ഥാപിക്കും. ലഹരി – മയക്ക് മരുന്ന് ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയാണ് ലക്ഷ്യം.
വിദ്യാലയങ്ങളിലേക്ക് ലഹരി കടന്നു വരുന്നത് തടയാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം. പൊതുജനങ്ങല്‍ സജീവമായി സഹകരിച്ചാല്‍ ലഹരിവ്യാപനം തടയാനാകും- മന്ത്രി വ്യക്തമാക്കി.
മലയോര മേഖലയില്‍ എക്‌സൈസിന്റെ പ്രവര്‍ത്തനം  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കല്ലുകടവില്‍ പുതിയ സര്‍ക്കിള്‍ ഓഫീസ് ആരംഭിച്ചത്. മുന്‍ രാജ്യസഭാംഗം കെ. എന്‍. ബാലഗോപാലിന്റെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച കെട്ടിടം പത്തനാപുരം പഞ്ചായത്ത് സൗജന്യമായി കൈമാറുകയായിരുന്നു.
പുനലൂര്‍ സര്‍ക്കിള്‍ ഓഫീസ് വിഭജിച്ചാണ് പുതിയ ഓഫീസിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടര്‍, രണ്ടു പ്രിവന്റീവ് ഓഫീസര്‍മാര്‍, ഒന്‍പതു സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരാണ് പുതിയ ഓഫീസില്‍ ഉണ്ടാകുക.
ഉദ്ഘാടനച്ചടങ്ങില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ.  അധ്യക്ഷനായി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. വേണുഗോപാല്‍, ആശാ ശശിധരന്‍, ആര്‍. രശ്മി, പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ്, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ശശികല, റൂറല്‍ എസ്.പി. ബി. അശോകന്‍, എക്‌സൈസ് ഉദ്യോഗസ്ഥരായ എന്‍. എസ്. സലീംകുമാര്‍, വര്‍ഗ്ഗീസ് ആന്റണി, പി.കെ. സനു രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.