ജില്ലാ പദ്ധതി അവതരിപ്പിച്ചു
കൊല്ലം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 11 സംയോജിത പദ്ധതി നിര്‍ദേശങ്ങളടങ്ങുന്ന ജില്ലാ പദ്ധതി അന്തിമ അംഗീകാരത്തിനായി അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. രാമചന്ദ്രന്‍, അംഗം ഡോ. കെ.എന്‍. ഹരിലാല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അവതരണം.
ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി എന്നിവര്‍ അവതരണത്തിന് നേതൃത്വം നല്‍കി.
സമഗ്ര നാളികേര വികസനം, ജൈവവളം ഉത്പാദന വിപണന പദ്ധതി, അഷ്ടമുടി കായലും പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളും-ശാസ്ത്രീയ മാനേജ്‌മെന്റിന്റെ ആവശ്യകത, ശാസ്താംകോട്ട ശുദ്ധജല തടാക സംരക്ഷണ പദ്ധതി, ഇന്റഗ്രേറ്റഡ് ടൈറ്റാനിയം കോംപ്ലക്‌സ്, തേന്‍ ഗ്രാമം, ബ്രോയിലര്‍ പാര്‍ക്കും ബ്രോയിലര്‍ മാലിന്യങ്ങളുടെ ശേഖരണവും ജൈവവള നിര്‍മാണവും, ഉള്‍നാടന്‍ മത്സ്യകൃഷി വികസനവും വൈവിധ്യവത്ക്കരണവും, സഹ്യ ആരാമം-ഔഷധച്ചെടി കൃഷിയും ഔഷധ നിര്‍മാണവും, ഭിന്നലിംഗക്കാരുടെ പുനരധിവാസം-തൊഴില്‍ പരിശീലനവും തൊഴിലും, കൊല്ലം തോട് വികസനവും ഉള്‍നാടന്‍ വിനോദ സഞ്ചാരവും എന്നീ പദ്ധതികളാണ് കൊല്ലം ജില്ല സമര്‍പ്പിച്ചിട്ടുള്ളത്.
പദ്ധതികളുടെ ആവശ്യകത, ഉദ്ദേശ്യങ്ങള്‍, പങ്കെടുക്കുന്ന വകുപ്പുകള്‍/ഏജന്‍സികള്‍ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍ എന്നിവ പദ്ധതി രേഖയില്‍ വിശദമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 20ന് ചേരുന്ന സംസ്ഥാന വികസന കൗണ്‍സില്‍ പദ്ധതി നിര്‍ദേശങ്ങള്‍ പരിശോധിച്ച് അന്തിമ അംഗീകാരം നല്‍കും.