ജില്ലയ്ക്ക് അകത്തുള്ള യാത്രകള്‍ക്ക് ജില്ലാ കലക്ടര്‍/ജില്ലാ പോലിസ് മേധാവി നല്‍കുന്ന പാസ്/സത്യവാങ്മൂലം കയ്യില്‍ കരുതണം
മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്കുള്ളില്‍ അത്യാവശ്യ യാത്രകള്‍ നടത്തുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മറ്റ് ജില്ലകളിലേയ്ക്ക് പോകുന്നവര്‍ക്ക് യാത്രാ പാസ് നിര്‍ബന്ധമാണ്. കോവിഡ് 19 ജാഗ്രതാ വെബ് പോര്‍ട്ടലില്‍ https://covid19jagratha.
നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്ക് അകത്തുള്ള യാത്രകള്‍ക്കും മതിയായ കാരണങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ കയ്യില്‍ കരുതണം. ജില്ലാ കലക്ടര്‍/ജില്ലാ പോലിസ് മേധാവി നല്‍കുന്ന പാസ് അല്ലെങ്കില്‍ സ്വയം എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം എന്നിവയാണ് കൈവശം സൂക്ഷിക്കേണ്ടത്. എന്നാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് മണിവരെയുള്ള യാത്രകള്‍ക്ക് ജില്ലാ കലക്ടര്‍/ജില്ലാ പോലിസ് മേധാവി നല്‍കുന്ന പാസ് നിര്‍ബന്ധമാണ്.
സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തേണ്ടത് അത്യാവശ്യങ്ങള്‍ക്ക് മാത്രം
ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അനാവശ്യമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തരുതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. ഇതിനു സാധിക്കാത്ത അത്യാവശ്യങ്ങള്‍ക്കു മാത്രമെ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്താവൂ. റവന്യൂ, മോട്ടോര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകളില്‍ കൂടുതല്‍ പേര്‍ അനാവശ്യമായി എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പില്‍ വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ലോക് ഡൗണ്‍ ആരംഭിച്ച ശേഷം കാലാവധി കഴിഞ്ഞതാണെങ്കില്‍ ജൂണ്‍ 30 വരെ അവസരമുണ്ട്. മറ്റിതര സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാണ്. അവശ്യ സര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രത്യേക നിര്‍ദേശപ്രകാരം ജീവനക്കാരുടെ എണ്ണം കുറച്ച് ആരോഗ്യ ജാഗ്രത പാലിച്ചുള്ള പ്രവര്‍ത്തനത്തിനാണ് അനുമതി. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥര്‍ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം. അവശ്യ വിഭാഗത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായിരിക്കും.
നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ താലൂക്ക് തഹസില്‍ദാര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി നിയമിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉത്തരവിറക്കി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന ഏപ്രില്‍ 17 അര്‍ധരാത്രി വരെ മുഴുവന്‍ സമയവും താലൂക്ക് പരിധികളില്‍ ഉണ്ടാകണം. പൊലീസുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തര സാഹചര്യങ്ങളില്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റുമാരുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം.
നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 78 പുതിയ കേസുകള്‍
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 168 പേര്‍ക്കെതിരെയും കേസെടുത്തു
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 78 കേസുകള്‍ കൂടി ഇന്നലെ (മെയ് നാല്) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 105 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 48 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3,386 ആയി. 4,271 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,012 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്‌ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നു. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മാസ്‌ക് ധരിക്കാത്തത് പൊലീസ് നിരീക്ഷിച്ചുവരികയാണ്. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്.