ആലപ്പുഴ: ജില്ലയിലെ 3 താലൂക്കുകളിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായുളള ആദ്യട്രെയിൻ
ബീഹീറിലേക്ക് ചൊവ്വാഴ്ച വൈകിട്ട് ആലപ്പുഴ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടു. മുന്‍പ് തയ്യാറാക്കിയ പട്ടിക പ്രകാരം അമ്പലപ്പുഴ താലൂക്കിൽ നിന്നും 549, കുട്ടനാട് നിന്നും 34, മാവേലിക്കര താലൂക്കിൽ നിന്നും 557 എന്നിങ്ങനെ 1140 അതിഥി തൊഴിലാളികളാണ് ബിഹാറിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുത്തിരുന്നത്.

ഇതില്‍ കുറച്ചുപേര്‍ പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് 1124 പേരാണ് മടങ്ങിയത്. ഇവരെ പ്രത്യേകം ഏർപ്പെടുത്തിയ കെ. എസ്. ആർ. ടി. സി ബസ്സുകളിലാണ് അമ്പലപ്പുഴ, മാവേലിക്കര,കുട്ടനാട് താലൂക്കുകളിലെ കേന്ദ്രങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചത് . ബിഹാറിലെ ബിട്ടയ്യ സ്റ്റേഷനിലാണ് ഇവരെ എത്തിക്കുക. ബ്രെഡ്, ചപ്പാത്തി, നേന്ത്രപ്പഴം, പച്ചമുളക്, സവാള, അച്ചാർ, കുടിവെള്ളം എന്നിവ ഉൾപ്പെടുത്തി ആവശ്യമായ ഭക്ഷണവും ഇവർക്കായി ക്രമീകരിച്ചാണ് അതിഥി തൊഴിലാളികളെ യാത്രയാക്കിയത്. 930 രൂപയാണ് ടിക്കറ്റ് ചാർജ്.

മാര്‍ഗ്ഗ നിര്‍ദ്ദേശം പൂര്‍ണമായി പാലിച്ച് മടങ്ങിപ്പോക്ക്

ആലപ്പുഴ: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് ആലപ്പുഴയിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടത്. മടങ്ങി പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ പട്ടിക നേരത്തെ തന്നെ പൊലീസും ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് തയ്യാറാക്കിയിരുന്നു. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിശ്ചിത സ്ഥലങ്ങളിൽ ഇവര്‍ക്കായി കെഎസ്ആർടിസി ബസ് ഒരുക്കി നിർത്തി. ലിസ്റ്റുനോക്കിയാണ് അതിഥി തൊഴിലാളികളെ കോച്ച് അടിസ്ഥാനത്തില്‍ ഓരോ ബസ്സിലും കയറ്റിയത്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ ഓരോ ബസ്സിലും അതിഥി തൊഴിലാളികളെ അനുഗമിച്ചു. കൃത്യമായ അകലം പാലിച്ചുകൊണ്ട്

ഒരു സീറ്റിൽ ഒരാൾ എന്ന നിലയിലാണ് ഇവരെ ഇരുത്തിയത്. അമ്പലപ്പുുഴ നിന്ന് 24 ബസ്സ്, മാവേലിക്കര നിന്ന് 21, കുട്ടനാട് നിന്ന് ഒരു ബസ്സിലുമാണ് അതിഥി തൊഴിലാളികളെ എത്തിച്ചത്. ഒരു ബസ്സില്‍ പരമാവധി 27 പേരാണ് ഉണ്ടായിരുന്നത്.

മെഡിക്കൽ സർട്ടിഫിക്കറ്റും രണ്ടുദിവസത്തേക്ക് കഴിക്കാനുള്ള ഭക്ഷണവും ബസ്സിൽ വച്ചുതന്നെ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. ഈ ബസുകൾ നിശ്ചിത ഇടവേളകളിൽ ബീച്ചിൽ സമീപം വന്ന് പാർക്ക് ചെയ്യുകയും റെയിൽവേ സ്റ്റേഷനു മുൻവശം പ്രത്യേകം തയ്യാറാക്കിയ ഹെൽപ് ഡെസ്കിൽ നിന്ന് വിളിക്കുന്ന മുറയ്ക്ക് ബസ്സുകൾ റെയിൽവേ സ്റ്റേഷനിലേക്ക് കടത്തിവിടുകയും ചെയ്തു.

റെയിൽവേ സ്റ്റേഷനിൽ വച്ച് ഓരോ ബസ്സിലും ഉള്ള തൊഴിലാളികളെ എണ്ണി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കുകയും തുടർന്ന് ട്രയിനില്‍ ഇരിപ്പിടങ്ങളില്‍ എത്തിക്കുകയും ചെയ്തുു. തുടര്‍ന്ന് കൂടെ അനുഗമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കി. ഇതുവഴി തിക്കുംതിരക്കും പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞു. അതിഥി തൊഴിലാളികളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുും ജി.ആര്‍.എഫും അനുഗമിക്കുന്നുണ്ട്.

ജില്ല കളക്ടര്‍ എം.അഞ്ജന, ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. അതിഥി തൊഴിലാളികളെ യാത്രയയയ്ക്കുന്നതിന് എ.എം.ആരിഫ് എം.പി, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, ആലപ്പുുഴ നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍, മുന്‍ കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്കാരി രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

ജില്ല ലേബര്‍ ഓഫീസര്‍ വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ , ആര്‍.ഡി.,ഓരായ എസ്.സന്തോഷ്കുമാര്‍, ഉഷാകുമാരി‍, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആശാ സി എബ്രാഹാം, റെയില്‍വേ ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബട്ട്, സ്റ്റേഷന്‍ മാനേജര്‍ റൂബിന്‍സണ്‍ ജോണ്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ എല്‍.,രാഖി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഡി.ഐ.ജി എസ്.കെ.മഹേഷ്കുമാറും പോലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.