പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കോവിഡ് 19 പ്രതിരോധ പ്രവത്തനങ്ങളുടെ ക്രമീകരണങ്ങള്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ കൃത്യമായ പരിശോധന നല്‍കിയാണ് ഇന്ത്യക്കാരെ കയറ്റി അയക്കുന്നതെന്ന് ഉറപ്പിക്കാനാവില്ല. മാത്രവുമല്ല 200 പേര്‍ ഒരേ വിമാനത്തില്‍ എത്തുമ്പോള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സാമൂഹ്യ അകലം പാലിക്കാന്‍ കഴിഞ്ഞെന്നും വരില്ല. അതുകൊണ്ട് തന്നെ നാട്ടിലെത്തുന്ന പ്രവാസികളെ പരിചരണം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന എം പി മാരുടെയും എം എല്‍ എ മാരുടെയും വിഡീയോ കോണ്‍ഫറന്‍സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവാസികളുടെ താമസ സൗകര്യവും ഭക്ഷണവും മറ്റും കുറ്റമറ്റതും നിര്‍ദേശങ്ങള്‍ക്ക് അനുസൃതവുമായിരിക്കണമെന്നും പരാതികള്‍ക്ക് ഇടവരാതെ നോക്കണമെന്നും മന്ത്രി കെ രാജു പറഞ്ഞു. പ്രവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അവര്‍ക്ക് ജില്ലയില്‍ താമസം ഒരുക്കുമ്പോള്‍ കഴിവതും സ്വന്തം പ്രദേശത്തോട് ചേര്‍ന്നുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് അവരില്‍ സുരക്ഷിതത്വ ബോധം വളര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കായി ജില്ലയില്‍ നിലവില്‍ ആകെ 15,000 കിടക്കള്‍ തയ്യാറാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതില്‍ 10,361 കിടക്കകള്‍ പൂര്‍ണമായും സജ്ജീകരിച്ചു. 3,427 ബാത്ത് അറ്റാച്ചഡ് റൂമുകളും 1,254 എ സി റൂമുകളും ഉള്‍പ്പെടെയാണ് ഇതെന്നും ആകെ 349 കേന്ദ്രങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.
എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രദാസ്, എം എല്‍ എ മാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.