രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തു 100 നാൾ പിന്നിടുമ്പോൾ രോഗസൗഖ്യ നിരക്കിൽ ലോകത്ത് തന്നെ മികച്ച നിലയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗത്തിന്റെ മൂന്നാംവ്യാപനം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. രോഗം ഉണ്ടായാൽ നേരിടാൻ നാം സജ്ജമാണ്. മാതൃകാപരമായ സഹായം പൊതുസമൂഹത്തിൽനിന്ന് വർധിച്ചതോതിൽ ഇനിയുമുണ്ടാകണം. ഇനിയുള്ള നാളുകൾ കൂടുതൽ കരുതലോടും ഐക്യത്തോടും ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

ഈ ഘട്ടത്തിലാണ് കേരളത്തിനു പുറത്തുനിന്നും ഇന്ത്യക്കു വെളിയിൽനിന്നുമുള്ള പ്രവാസി സഹോദരങ്ങളെ നാം നാട്ടിലേക്ക് സ്വീകരിക്കുന്നത്. അവരെ പരിചരിക്കുന്നതിന് എല്ലാ സന്നാഹങ്ങളുമൊരുക്കിയിട്ടുണ്ട്. വിമാനങ്ങൾ മടങ്ങിയെത്തുമ്പോഴുള്ള ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദിച്ചിട്ടുണ്ട്.

കേരളത്തിൽ എത്തുന്ന പ്രവാസികൾ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന പോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ക്വാറൻറൈനിൽ കഴിയുന്നവരും വീട്ടിലേക്ക് പോയവരും ശാരീരിക അകലം പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. വീട്ടിലെത്തുന്നവരുടെ കാര്യത്തിൽ വീട്ടുകാരും ശ്രദ്ധിക്കണം.

അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന്റെ ചില ദോഷഫലങ്ങൾ മുമ്പ് നമ്മൾ അനുഭവിച്ചിട്ടുണ്ട്. കുറേ നാളുകൾക്കുശേഷം നാട്ടിൽ വന്നവരാണ് എന്നു കരുതി സന്ദർശനം നടത്തുന്ന പതിവുരീതികളും പാടില്ല. ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയാണ് നമ്മുടെ സമൂഹത്തെ വരുംദിവസങ്ങളിൽ സംരക്ഷിക്കുകയെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം.

ക്വാറൻറൈൻ കേന്ദ്രങ്ങൾക്കായി ദിവസങ്ങളെടുത്തുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ആരോഗ്യ ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് താമസവും സൗകര്യങ്ങളും ഒരുക്കിയത്.
യാത്രയിലുടനീളം ഓരോ പ്രവാസിയും സ്വയം സ്വീകരിക്കുന്ന സുരക്ഷാ കരുതൽ പോലെ തന്നെയാണ് ക്വാറൻറൈൻ കേന്ദ്രങ്ങളിൽ അവർക്കായി സർക്കാരിന്റെ കരുതലുള്ളത്. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം സർക്കാരിനും ഉണ്ടാകണം.

ക്വാറൻറൈൻ കേന്ദ്രങ്ങളിൽ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നുണ്ട്. എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുന്ന മുറയ്ക്ക് പരിഹരിക്കും. ഇതിൽ പ്രത്യേക ശ്രദ്ധ കാണിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു കഴിയണം. എന്തു പരാതികളും പരിശോധിച്ച് അടിയന്തരമായി നടപടി സ്വീകരിക്കാൻ ഓരോ കേന്ദ്രത്തിലും സർക്കാർ പ്രതിനിധികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.