ഇനി ചികിത്സയിലുള്ളത് 16 പേര്‍

ഇതുവരെ രോഗമുക്തി നേടിയവര്‍ 484

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയില്‍ നിന്നും വന്ന എറണാകുളം ജില്ലയിലുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. 484 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 16 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,157 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 127 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,886 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതില്‍ ലഭ്യമായ 35,355 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3380 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2939 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.