പട്ടികജാതി – പട്ടിക വര്‍ഗവികസനവകുപ്പുകളുടെയും കിര്‍താഡ്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ പൊന്നാനി എ.വി ഹയര്‍സെക്കന്റി മൈതാനത്തില്‍ സംഘടിപ്പിക്കുന്ന ഗദ്ദിക ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ പൈതൃകവും തനതുകലകളും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഗദ്ദികയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത ഉല്പന്നങ്ങള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയും വിപണനം നടത്തുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യുക എന്നതും മേളയുടെ പ്രത്യേകതയാണ്. പരമ്പരാഗത രുചിക്കൂട്ടുകളും വനവിഭവങ്ങളും ചികിത്സാരീതികളും സമ്മേളിക്കുന്നതാണ് ഗദ്ദിക. പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പവലിയനുകളും മേളയിലുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്കും തനത് ഉല്പന്നങ്ങളുടെ നിര്‍മാതാക്കള്‍ക്കും ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മേള സഹായകമാണ്. തീര്‍ത്തും സൗജന്യമായാണ് സ്റ്റാളുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
ആദിവാസി ഗോത്ര സമൂഹങ്ങളുടെ പരമ്പരാഗത രുചികൂട്ടുകളും പാരമ്പര്യ ചികിത്സാ രീതികളും മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്. റാഗി, കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളും മേളയില്‍ ലഭ്യമാണ്.
തിരുവനന്തപുരം കെ. സുശീലനും സംഘവും അവതരിപ്പിച്ച നാടകം വേറിട്ടനുഭവമായി. പുള്ളുവന്‍ പാട്ടും തിരി ഉഴിച്ചിലും പുതുമയുള്ളതാണ്. തിരുവനന്തപുരം പരിശ്രയ ബാമ്പു പ്രൊഡക്ഷന്‍സിന്റെ റാന്തല്‍ വിളക്ക്, ചക്കകുരു ചമ്മന്തി പൊടി, നാളികേര അച്ഛാര്‍, ചിരട്ടകരകൗശല വസ്തുക്കള്‍, പാറശാല ആര്‍.പി. ആയുര്‍വ്വേദ സിദ്ധമര്‍മ്മ വൈദ്യശാലയുടെ ഒടിവ്, ചതവ്, ഒഴിച്ചില്‍ കൂട്ടുകള്‍ എന്നിവയും മേളയിലുണ്ട്. ചെകിരി നാരുകൊണ്ടുള്ള കരകൗശല വസ്തുക്കള്‍, മരത്തടിയില്‍ തീര്‍ത്ത ആനകള്‍, ആമാടപ്പെട്ടി, തേങ്ങകൊണ്ടുണ്ടാക്കിയ കുരങ്ങന്മാര്‍ തുടങ്ങിയവയും മനോഹരമാണ്. കത്തികള്‍, അലങ്കാര വസ്തുക്കള്‍, പൂകൊട്ടകള്‍, മറ്റു വീട്ടുപകരണങ്ങള്‍ എന്നിവയും മേളയിലുണ്ട്. കല്‍പ്പറ്റ ബ്ലോക്കിന്റെ കാപ്പിതടിയിലുണ്ടാക്കിയ പാമ്പ്, ചീങ്കണ്ണി, കഴുകന്‍, കീരി, ഗണപതി, കലമാന്‍, മീന്‍, കുരങ്ങുകള്‍ എന്നിവക്കും ആവശ്യക്കാര്‍ ഏറെയാണ്. അട്ടപ്പാടി ഗിരിവര്‍ഗ കരകൗശല വ്യവസായ യൂണിറ്റിന്റെ മുളയില്‍ തീര്‍ത്ത സോഫാസെറ്റ്, ചാരു കസേര, ഉറി തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്.
കീര്‍ത്താഡ്‌സിന്റെ ആവികുളി പരീക്ഷിക്കാനും ആളുകള്‍ ധാരാളം എത്തുന്നുണ്ട്. നീര്‍കെട്ട്, ശരീരവേദന എന്നിവക്ക് ആശ്വാസമാണ് ആവികുളി.