കണ്ണൂർ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ക്ലീനിഗ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ചാണ് ജോലി ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ തിരികെയെത്തുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിഷേധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.
വിമാന യാത്രികരുമായും അവരുടെ ലഗേജുകളുമായും നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കുന്നതുള്‍പ്പെടെയുള്ള മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്താണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് വൈറസ് ബാധയേല്‍ക്കാതിരിക്കുന്നതിനുള്ള മതിയായ സംവിധാനങ്ങള്‍ അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ എയര്‍പോര്‍ട്ടില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി.
കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. അത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുകയെന്നത് നാം ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അനാവശ്യ ഭീതിയുടെ പേരില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് താമസ സൗകര്യം നിഷേധിക്കുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കിലും അത് അന്യായമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരേ പോലിസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ് പി യതീഷ് ചന്ദ്ര യോഗത്തില്‍ വ്യക്തമാക്കി.