ഇടുക്കി: വിദേശത്തു നിന്നും അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് ആളുകൾ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ തൊടുപുഴയിൽ കൂടുതൽ കോവിഡ് കെയർ സെന്ററുകൾ തുടങ്ങാൻ തീരുമാനമായി.
നിലവിൽ കോവിഡ് കെയർ സെന്ററുകളായി പ്രവർത്തനം തുടങ്ങിയ പാപ്പൂട്ടി ഹാളിൽ 15 പേരും വട്ടക്കളം ടൂറിസ്റ്റ് ഹോമിൽ സ്ത്രീകളായ 13 പേരും വണ്ണപ്പുറം വൃന്ദാവൻ ഹോട്ടലിൽ 3 പേരും മുട്ടം റൈഫിൾ ക്ലബ്ബിൽ 7 പേരും ക്വാറന്റൈനിൽ താമസിക്കുന്നുന്നു. ഇത് കൂടാതെ സ്ത്രീകൾക്കായി രണ്ടാമത്തെ താമസ സൗകര്യം ഒരുക്കുന്നതിനായി മുട്ടം ഒയാസിസിൽ ഇന്നു മുതൽ സൗകര്യം ഏർപ്പെടുത്തും. വിദേശത്തുനിന്നും വരുന്ന ആളുകൾക്കായി സ്വന്തം ചിലവിൽ താമസിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ക്വാറന്റൈനിൽ താമസിക്കുന്നവർക്ക് കോവിഡ് കെയർ സെൻ്ററുകൾ പ്രവർത്തിക്കുന്ന സ്ഥലത്തെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭക്ഷണക്രമീകരണം ഏർപ്പെടുത്തുന്നുണ്ട്. കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി തൊടുപുഴ മുനിസിപ്പൽ കൗൺസിൽ ഹാളിൽ കൂടിയ അടിയന്തിര യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മാർട്ടിൻ മാത്യു, മുനിസിപ്പൽ വൈസ് ചെയർമാൻ എം.കെ.ഷാഹുൽ ഹമീദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റിനി ജോഷി, മുനിസിപ്പൽ കൗൺസിലർമാർ, തൊടുപുഴ ബ്ലോക്ക് ഏകോപന സമിതി കൺവീനർ ഡോ.രേഖ ശ്രീധർ, ആരോഗ്യ വകുപ്പിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.