സാമൂഹ്യനീതിയും നിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തിയ പുരോഗമനകാരിയും പ്രജാസംരക്ഷകനുമായ ഭരണാധികാരിയായിരുന്നു ശ്രീ ചിത്തിര തിരുനാളെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു.
ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 24-ാമത് ശ്രീ ചിത്തിര തിരുനാള്‍ സ്മാരക പ്രഭാഷണം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
1936 ലെ ശ്രീ ചിത്തിരതിരുനാളിന്റെ ക്ഷേത്ര പ്രവേശന വിളംബരം ദളിതരുടെ ക്ഷേത്ര പ്രവേശനത്തിന് വഴിതുറന്ന ശക്തമായ നടപടിയും ഭാവിയിലേക്കുള്ള കുതിച്ചുചാട്ടവുമായിരുന്നു.
ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഏതൊരു സമൂഹത്തിലും നല്ലതല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഭാരതസംസ്‌കാരത്തിന്റെ ഭാഗമല്ല ഇത്തരം വിവേചനങ്ങള്‍. ‘വസുധൈവ കുടുംബകം’ എന്നു പറയുന്ന സംസ്‌കാരത്തില്‍ വിവേചനങ്ങളില്ല.
മുമ്പ് തൊഴിലിനെ അധിഷ്ഠിതമായാണ് ജാതികള്‍ സജീവമായിരുന്നത്. ഇന്ന് ആര്‍ക്കും ഉന്നതസ്ഥാനത്ത് എത്താന്‍ കഴിയുന്ന സാഹചര്യമുള്ളപ്പോള്‍ അത്തരം വിഭാഗീയത പാടില്ല.
മതം ആരാധനയ്ക്കുള്ള മാര്‍ഗം മാത്രമാണ്. എന്നാല്‍, സംസ്‌കാരമാണ് നമ്മള്‍ സ്വീകരിക്കേണ്ടതും അഭിമാനം കൊള്ളേണ്ടതും.
ആരാധനയ്ക്കും ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക പരിഗണനയുടെ കാര്യമില്ല. ആചാരനിഷ്ഠകള്‍ അറിയാവുന്ന ആര്‍ക്കും ആരാധന നടത്താം. ഇതിനുള്ള നടപടികള്‍ കേരളത്തില്‍ സ്വീകരിച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ മതം കടന്നുവരാന്‍ പാടില്ലെന്നും, മതത്തില്‍ രാഷ്ട്രീയം കടന്നുവരാന്‍ പാടില്ല. നേതാക്കളെ തിരഞ്ഞെടുക്കേണ്ടത് സ്വഭാവും, കാര്യശേഷിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ്, അല്ലാതെ മതം, സമുദായവും പണവും നോക്കിയാവരുത്. വികസനം എല്ലാവര്‍ക്കും വേണ്ടിയായിരിക്കണം. സ്ത്രീശാക്തീകരണമില്ലാതെ സാമൂഹ്യനീതി ഉറപ്പാക്കാനാവില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
മികച്ച ഭരണാധികാരി കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ശ്രീ ചിത്തിരതിരുനാള്‍ തിരിച്ചറിഞ്ഞു. സാമൂഹ്യ പരിഷ്‌കരണത്തിന്റെ സാഹചര്യമൊരുക്കിയ ഈ നടപടിയെ മഹാത്മാ ഗാന്ധി പ്രകീര്‍ത്തിച്ചിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പുതുവഴികള്‍ തുറന്നുനല്‍കി. സാമൂഹ്യ-സാമ്പത്തിക വികസനം എല്ലാവരെയും ഉള്‍ക്കൊള്ളിച്ചാകണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഫീസ് ഇളവുകള്‍, ഉച്ച ഭക്ഷണം, സൗജന്യ വസ്ത്രം, ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ സമ്പ്രദായത്തെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രീ ചിത്തിര തിരുനാള്‍ ശ്രമിച്ചു. നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ സംഭാവനയാണ്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്ക് പോലും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമാണ്. മികവിന്റെ കേന്ദ്രമായി തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള സാമൂഹ്യഘടനയ്‌ക്കൊപ്പം ഇന്ത്യന്‍ സാംസ്‌കാരികരംഗത്തിന്റെ വളര്‍ച്ചയ്ക്കും അദ്ദേഹം സംഭാവനകള്‍ നല്‍കി.
ആധുനികമായ കാഴ്ചപ്പാടും പ്രായോഗികതയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ജനങ്ങള്‍ക്കൊപ്പവും കര്‍ഷകര്‍ക്കൊപ്പവുമാണ് അദ്ദേഹമെന്നതിന് ഉദാഹരണമാണ് കാര്‍ഷിക കടാശ്വാസ കമ്മിറ്റിയും ഭൂപണയ ബാങ്കുമൊക്കെ.
വ്യവസായ വികസനത്തിനും അടിത്തറയിട്ടത് ശ്രീചിത്തിര തിരുനാളാണ്. ഇരുപതോളം വ്യവസായങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് ആരംഭിക്കാനായി. കൂടാതെ നിരവധി സ്ഥാപനങ്ങള്‍ തുടര്‍ന്നും ആരംഭിക്കാന്‍ അദ്ദേഹത്തിന് മുന്‍കൈയെടുക്കാനായതായും ഉപരാഷ്ട്രപതി പറഞ്ഞു.
മാതൃഭാഷയെ മറക്കുന്നത് മാതാവിനെ മറക്കുന്നതിന് തുല്യമാണെന്നും സദസിനെ അദ്ദേഹം ഓര്‍മിപ്പിച്ചു. മറ്റു ഭാഷകള്‍ ആവശ്യമാണെങ്കിലും അടിസ്ഥാനം മാതൃഭാഷയിലൂടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ നാലുവരി സംസാരിച്ചാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷത വഹിച്ചു. പുരോഗമനമായ നടപടികളിലൂടെയാണ് ശ്രീ ചിത്തരിതിരുനാള്‍ ചരിത്രത്തില്‍ ഇടം നേടിയതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂറിന്റെ പുരോഗതിക്കും വ്യവസായവത്കരത്തിനും ശ്രി ചിത്തരതിരുനാള്‍ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ എട്ടുദശകങ്ങള്‍ക്ക് ശേഷം പട്ടികവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷേത്രപൂജാരിമാരായി നിയമിച്ച വിപ്ലവകരമായ തീരുമാനമെടുത്ത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും സാമൂഹ്യനീതിയും വിതരണതുല്യതയും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരില്‍നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ. രാജഗോപാല്‍ എം.എല്‍.എ, ചിത്തിരതിരുനാള്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ. ഹരികുമാര്‍, പ്രസിഡന്റ് പാലോട് രവി, വര്‍ക്കിംഗ് പ്രസിഡന്റ് ശാസ്തമംഗലം മോഹന്‍, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായി തുടങ്ങിയവര്‍ സംബന്ധിച്ചു.