ആലപ്പുഴ: കോവിഡ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തികഞ്ഞ ജാഗ്രതയോടെ എല്ലാവരും പെരുമാറണമെന്ന് ജില്ല കളക്ടര്‍ എം അഞ്ജന പറഞ്ഞു. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും നിര്‍ബന്ധമാണ്. സാധനങ്ങള്‍ വാങ്ങുവാന്‍ കടകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ് എന്ന് കലക്ടര്‍ അറിയിച്ചു. ചെറിയ ഒരു ജാഗ്രത ഇല്ലായ്മ പോലും കോവിഡ് വ്യാപനത്തിന് വഴി തെളിക്കാം. അതുകൊണ്ട് അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണം.

പുതിയ ശീലങ്ങള്‍ ആവശ്യം

കോവിഡ് എന്ന മഹാമാരിക്കു മുമ്പില്‍ പോരാടുമ്പോള്‍ ഇനി മനുഷ്യരാശിക്ക് മുന്നോട്ടുപോകുന്നതിന് പുതിയ ശീലങ്ങള്‍ മന:പാഠമാക്കിയേ തീരൂ. ലോക് ഡൗണില്‍ ഇളവുകള്‍ സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ കൊറോണ പകര്‍ച്ച തടയാനും ബ്രേക്ക് ദി ചെയിന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും ഉതകുന്ന ഏറ്റവും അവശ്യം പാലിക്കേണ്ട ചില മുന്‍ കരുതലുകള്‍ സംസ്ഥാന ആരോഗ്യവകുപ്പും ജില്ല മെഡിക്കല്‍ ഓഫീസും പുറത്തിറക്കി. കൊറോണ വൈറസിനെ അകറ്റുക എന്നതിനൊപ്പം ശരീരത്തെ മറ്റ് പകര്‍ച്ച വ്യാധികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ആകെയുള്ള രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും ഇവ ഉപകരിക്കുമെന്ന് ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടുന്നു. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോള്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

കടകളില്‍ പോകുമ്പോള്‍

1. കടയില്‍ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കുക, ലിസ്റ്റ് തയ്യാറാക്കിയാല്‍ കടകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാം.
2. സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്നും ഒരാള്‍ മാത്രം പുറത്തു പോകുക.
3.. പുറത്തുപോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കുക.

4. കടകളില്‍ പ്രവേശിക്കുന്നതിനു മുമ്പും, പുറത്തിറങ്ങുമ്പോഴും സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. അല്ലെങ്കില്‍ സോപ്പിട്ട് കഴുകുക.
5. വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളില്‍ മാത്രം സ്പര്‍ശിക്കുക, സാധനങ്ങള്‍ എടുത്ത് പരിശോധിച്ച് തിരികെ വയ്ക്കുന്ന ശീലം ഉപേക്ഷിക്കുക.
6 കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കുക.

7.കടയില്‍ നിന്ന് വന്നതിന് ശേഷം വീട്ടില്‍ പ്രവേശിക്കുമ്പോള്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

8 നനവു പറ്റിയാല്‍ ചീത്തയാകാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം വീട്ടിലേയ്ക്ക് കയറ്റുക.
9. വാങ്ങിയ സാധനങ്ങളില്‍ കഴുകി വൃത്തിയാക്കാവുന്നവ കഴുകിയ ശേഷം മാത്രം റഫ്‌റിജറേറ്ററില്‍ വെക്കുക.

വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

1. സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കണം.

2. മുഴുവന്‍ ജീവനക്കാരും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം.

3. സാമൂഹ്യ അകലം പാലിക്കുവാന്‍ കഴിയുന്ന തരത്തില്‍ ജോലിയും, ജോലി സ്ഥലവും ക്രമീകരിക്കുക.

4. സ്ഥാപനത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രം അനുവദിക്കുക.

5. പ്രവേശന കവാടത്തിലും ആവശ്യമുള്ള മറ്റ് ഇടങ്ങളിലും കൈ കഴുകുന്നതിന് സോപ്പും വെള്ളവും ലഭ്യമാക്കുക.

6. സാനിട്ടെസര്‍ ലഭ്യമാക്കുക.

7.പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെ ജോലിയില്‍ നിന്നും ഒഴിവാക്കി എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കുക.

8. സ്ഥാപനത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ സ്ഥാപനത്തിലെ മറ്റ് ജോലിക്കാരുമായി സമ്പര്‍ക്കപ്പെടുന്നത് കര്‍ശനമായി ഒഴിവാക്കുക. അവശ്യവസ്തുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ എത്തുന്ന ഇവര്‍ക്ക് പ്രത്യേക വിശ്രമസ്ഥലം അടക്കമുള്ളവ കഴിയുമെങ്കില്‍ ഏര്‍പ്പെടുത്തേണ്ടതാണ്.

9. സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കുക.

10. സ്ഥാപനവും പരിസരവും എല്ലാദിവസവും അണുവിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുക.

11. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അനുവദിക്കുക.

ക്വാറന്റെനില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമുക്കും മറ്റുള്ളവര്‍ക്കും രോഗം വരാതെ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

ക്യാറന്റെന്‍ എന്നത് രോഗം പകരാതിരിക്കാന്‍ വീട്ടുകാര്‍ക്കും സമൂഹത്തിനും വേണ്ടി സ്വയം മനസ്സ് അര്‍പ്പിച്ച് ചെയ്യേണ്ടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തനം കൂടിയാണ്. ക്വാറൈന്റന്‍ സെന്ററുകളില്‍ കഴിയുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കുക.

ചെയ്യേണ്ടത് |

1. എല്ലായ്‌പ്പോഴും നിര്‍ദ്ദേശിച്ചിരിക്കുന്ന മുറിയില്‍ തന്നെ തുടരുക.

2. ക്വാറന്റെന്‍ സെന്ററിലെ സൗകര്യങ്ങളുമായി സഹകരിക്കുക.

3. കൈകള്‍ ഇടയ്ക്കിടെ കഴുകുക.

4. തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായും മൂക്കും മൂടുക.

5. മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക.

6. ക്വാറന്റെന്‍ സെന്ററിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

7. ചുമ, രുചിക്കുറവ്, വയറിളക്കം, തൊണ്ടവേദന, പനി എന്നീ ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍
ക്വാറന്റന്‍ സെന്ററിലെ ജീവന ക്കാരെ അറിയിക്കുക.

8. സ്ഥാപനത്തിലെ ഉപകരണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക.

9. ഉപയോഗിച്ച മാസ്‌ക്കുകള്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ തന്നെ നിക്ഷേപിക്കേണ്ടതാണ്.

|ചെയ്യരുതാത്തത്

1. ആവശ്യമില്ലാത്ത ഇടപെടലുകള്‍ ഒഴിവാക്കുക.

2. വീട്ടിലേക്കു പോകുന്ന കുടുംബാംഗങ്ങളോടൊപ്പം പോകാന്‍ വാശി പിടിക്കരുത്.

3. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്.

4. ജനാലയിലൂടെ തുപ്പുകയോ, മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ചെയ്യരുത്.

5. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ക്ക് മുടക്കം വരുത്തരുത്.

6. രോഗലക്ഷണങ്ങള്‍ മറച്ചു വയ്ക്കാന്‍ പാടില്ല.

ക്വാറന്റൈന്‍ അഥവാ കരുതല്‍ നിരീക്ഷണം നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തികളും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

1. വീടുകളില്‍ എത്തിയാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിക്കണം.

2. ബാത്ത് അറ്റാച്ച്ഡ് ആയതും വായുസഞ്ചാരം ഉള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്. ഹോം ക്വാറന്റൈന്‍ എന്നാല്‍ റൂം ക്വാറന്റൈന്‍ തന്നെയാണ്. മുറി വിട്ട് പുറത്തു പോവരുത്

3. കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.

4. ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുമ്പോള്‍ തുവാല/ തോര്‍ത്ത് ഉപയോഗിച്ച് വായും മൂക്കും മറച്ചു പിടിക്കേണ്ടതാണ്.

5. നിരീക്ഷണത്തില്‍ ഉള്ള വ്യക്തിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

6. വ്യക്തിയെ പരിചരിക്കുന്നവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ഉപയോഗിക്കണം.

7. നിരീക്ഷണത്തിലുള്ള വ്യക്തിയും, കുടുംബാംഗങ്ങളും കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച്കഴുകുക.

8. വ്യക്തി ഉപയോഗിച്ച പാത്രങ്ങള്‍, ബെഡ്ഷീറ്റ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്.

9. തോര്‍ത്ത്, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചശേഷം ബ്ലീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കേണ്ടതാണ്.

10. വ്യക്തി ഉപയോഗിച്ച മേശ, കസേര, മറ്റു സാമഗ്രികള്‍, ബാത്ത്‌റൂം തുടങ്ങിയവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

11. ഉപയോഗിച്ച മാസ്‌കകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കത്തിച്ചുകളയുകയോ ബ്ലീച്ചിംഗ് ലായനിയില്‍ അണുവിമുക്തമാക്കി കുഴിച്ചു മൂടുകയോ ചെയ്യുക.

12. സന്ദര്‍ശകരെ അനുവദിക്കരുത്.

13. പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കേണ്ടതാണ്.

14. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച അവരവരുടെയും കുടുംബാംഗങ്ങളുടെയും അതിലുപരി സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിറവേറ്റേണ്ടതാണ്.

ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ വരുത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

കോവിഡ് ജാഗ്രത: കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം

ആലപ്പുഴ: കോവിഡ് 19 വൈറസ് ജാഗ്രതക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ പരിചരണം. പ്രത്യേക കരുതലോടെയാവണം മുലയൂട്ടല്‍. കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട്ടിലെ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരും കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. കുഞ്ഞുങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ തികഞ്ഞ വ്യക്തിശുചിത്വം പാലിക്കണം.മുലയൂട്ടുന്ന അമ്മയുടെ കൈകള്‍ ചുരുങ്ങിയത് ഇരുപത് സെക്കന്‍ഡെങ്കിലും സോപ്പുപയോഗിച്ച് കഴുകിയിരിക്കണം.
2. മുലയൂട്ടുന്ന അമ്മമാര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്.

3. കൊറോണ ജാഗ്രത തീരുംവരെ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം.

4. അമ്മയ്ക്ക് ചുമയോ തുമ്മലോ ഉണ്ടെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം.

5. ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണം. ആശുപത്രിയില്‍ പോകേണ്ടത് അനിവാര്യമാണെങ്കില്‍ മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. കുഞ്ഞുങ്ങളെ മറ്റുള്ളവര്‍ക്ക് കൈമാറരുത്.

5.കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതിന് മുന്‍പായി അമ്മ കൈകളും സ്തനങ്ങളും കഴുകി വൃത്തിയാക്കണം.

6. കുഞ്ഞിനെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ അമ്മ സമയാസമയം ദേഹശുദ്ധി വരുത്തി മുലപ്പാല്‍ പിഴിഞ്ഞ് നല്‍കണം.

7. നിരീക്ഷണത്തിലായ അമ്മ കൈകളും സ്തനങ്ങളും നന്നായി സോപ്പുപയോഗിച്ച് കഴുകിയ ശേഷം മാസ്‌ക് ധരിച്ചുകൊണ്ട് കുഞ്ഞിന് മുലപ്പാല്‍ നല്‍കാം.

8. വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം.

സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ വൈദ്യസഹായത്തിന് ‘ദിശ’യുടെ 1056 എന്ന സൗജന്യ നമ്പറില്‍ വിളിക്കണം.