ആലപ്പുഴ: കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കരുതല്‍നിരീക്ഷണ നടപടികള്‍ സുഗമവും കാര്യക്ഷമവുമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ജില്ല കളക്ടര്‍ എം അഞ്ജന വിശദീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ കരുതല്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ സംവിധാനങ്ങളും ക്രമീകരണങ്ങളും സുസജ്ജമാണ്. കൃത്യമായ ഏകോപനത്തോടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

കുട്ടനാട്ടില്‍ നിശ്ചയിച്ച കോവിഡ് കരുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ മഴ മുന്‍നിര്‍ത്തി ഒഴിവാക്കിയിട്ടുണ്ട്. ഇവയ്ക്കു പകരമായി ആലപ്പുഴ നഗരത്തില്‍ കോവിഡ് കരുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയതായി കളക്ടര്‍ അറിയിച്ചു.

കാലവര്‍ഷം മുന്നില്‍ക്കണ്ട് തോട്ടപ്പിള്ളി സ്പില്‍വേ അപ്‌സ്ട്രീമിലെ മണല്‍നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ മെയ് 16നു ആരംഭിച്ചതായി കളക്ടര്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ആരംഭിക്കും മുന്‍പ് ടെന്‍ഡര്‍ ചെയ്തതാണെങ്കിലും കരാറുകാര്‍ ഡ്രെഡ്ജര്‍ എത്തിച്ചിരുന്നില്ല. അടിയന്തിരമായി മണല്‍ നീക്കേണ്ടതുണ്ടെന്നതിനാല്‍ ജലസേചന വകുപ്പിന്റെ മെക്കാനിക്കല്‍ ഡിവിഷനിലെ ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് അപ്പ് സ്ട്രീമിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലോവര്‍ സ്ട്രീമിലെ പൊഴിമുറിക്കലൂം മണല്‍നീക്കവും ആരംഭിച്ചു. കെ എം എം എല്ലിന്റെ യന്ത്രങ്ങള്‍ ഇതിനായി എത്തിയിട്ടുണ്ട്.

ജില്ലകളില്‍ എകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും വാര്‍ഡ്,തദ്ദേശസ്ഥാപന,ജില്ല തല സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. .ഇതര സംസ്ഥാനങ്ങളിലും വിദേശത്തും നിന്നും് നാട്ടിലേക്ക് വരുന്ന സഹോദരങ്ങളുടെയും ഇവിടെയുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ കര്‍ക്കശ നിലപാട് ആവശ്യമാണ്.

മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ഡിഎംഒ എല്‍ അനിതകുമാരി, എ എസ് പി സുനില്‍കുമാര്‍ എ യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.