ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ എല്ലാ നിയോജകമണ്ഡലങ്ങളിലും നടത്തുന്ന ആരോഗ്യ സെമിനാറിന് തുടക്കമായി. പാമ്പാടി കെ ജി കോളേജില്‍ പാമ്പാടി ഗ്രാമപഞ്ചായത്ത്, കോളേജ് എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ളി കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് ആര്‍ എം ഒ ഡോ. ആര്‍ പി രഞ്ജിന്‍ സെമിനാര്‍ നയിച്ചു. ശാസ്ത്രീയ അടിത്തറയില്ലാതെ വാക്‌സിനേഷനെ എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തു കഴിഞ്ഞ പല രോഗങ്ങളും വാക്‌സിനേഷന്‍ മൂലമാണെന്നത് മനപൂര്‍വ്വം മൂടിവയ്ക്കുന്നു. വസൂരി, പോളിയോ തുടങ്ങിയ രോഗങ്ങള്‍ പൂര്‍ണമായും രാജ്യത്ത് നിന്ന് ഇല്ലാതായത് വാക്‌സിനേഷന്റെ ഗുണഫലമായാണ്. പ്രതിരോധ ശേഷി കൂട്ടുന്നതിന് നിര്‍വീര്യമാക്കിയ വൈറസിനെ തന്നെ കുത്തിവെയ്ക്കുകയാണ് വാക്‌സിനേഷനിലൂടെ ചെയ്യുന്നത്. സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലരും ചെയ്യുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് പദ്ധതി വിശദീകരിച്ചു. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
