എറണാകുളം: കൊച്ചിനഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായി പുരോഗമിക്കുന്നതായി ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ഹൈക്കോടതി അമിക്കസ് ക്യൂറിയായ സുനില്‍ ജേക്കബ് ജോസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി വിലയിരുത്തുന്നു.

ബ്രേക്ക് ത്രൂവിന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന എല്ലാ പ്രവൃത്തികളും ഈ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. നഗരത്തിലെ പ്രധാനതോടുകളിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായുള്ള രണ്ടാം ഘട്ടത്തില്‍ 17 പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ദുരന്തനിവാരണ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ജില്ലാകളക്ടര്‍ക്ക് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.