ആലപ്പുഴ: ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ക്രമാതീതമായി വർദ്ധിച്ചതായി ഉപഭോക്താക്കളിൽ നിന്നും ദിനംപ്രതി പരാതികൾ ലഭിച്ചു കൊണ്ടിരിക്കുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ മീറ്റ് മർച്ചൻറ് ,പോൾട്രി മർച്ചൻറ് എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. തുടർന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇറച്ചി വില ഏകീകരിച്ച് നിശ്ചയിച്ച് ഉത്തരവായി. കോഴി ലൈവ് -160 , കോഴി മീറ്റ് -230, കാളയിറച്ചി -300, പോത്തിറച്ചി- 340, ആട്ടിറച്ചി -680.

മേൽക്കാണിച്ച വിലയിൽ മാത്രമേ വ്യാപാരികൾ ഇറച്ചി വില്പന നടത്താവൂ എന്നും വില വിവരം എല്ലാ കടകളിലും പൊതുജനങ്ങൾക്ക് കാണത്തക്കവിധത്തിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ വിലയിൽ കൂടുതൽ വിൽപ്പന നടത്തുന്ന വ്യാപാരികൾക്കെതിരെ 1955ലെ അവശ്യസാധന നിയമപ്രകാരം കേസെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.