പാലക്കാട് ജില്ലയിൽ 199 കേന്ദ്രങ്ങളിലായി 39,266 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. 148 കേന്ദ്രങ്ങളിലായി 80536 ഹയർസെക്കൻഡറി വിദ്യാർത്ഥികളും 25 വി.എച്ച്. എസ്. ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാർത്ഥികളും ഉൾപ്പെടെ 1,23,624 പേരാണ് പരീക്ഷ എഴുതുന്നത്.

സംസ്ഥാനത്ത് ഇന്ന് (മെയ് 26) ആരംഭിക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വി.എച്ച്.എസ്.ഇ പരീക്ഷകൾ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ജില്ലയിൽ കൂടുതൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതരായി പരീക്ഷ എഴുതാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ നിലനിൽക്കുന്ന നിബന്ധനകളും നിയന്ത്രണങ്ങളും പരീക്ഷ നടത്തുന്നതിന് തടസ്സമാവില്ല.

വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം

വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ എത്തുന്നതിനു വേണ്ട സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെയും അധ്യാപകരുടേയും മറ്റ് സ്‌കൂൾ അധികൃതരുടേയും സഹകരണത്തിൽ സജ്ജീകരിച്ചു കഴിഞ്ഞു. സ്‌കൂളുകളിൽ എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് സ്‌കൂൾ ബസുകൾ പ്രയോജനപ്പെടുത്താം. കൂടുതൽ വിദ്യാർത്ഥികളെ ഒന്നിച്ച് സ്‌കൂളുകളിൽ എത്തിക്കാൻ കഴിയില്ല. കൃത്യമായ സാമൂഹികഅകലം പാലിച്ചായിരിക്കും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുക. കൂടുതൽ ബസ് സൗകര്യം ആവശ്യമുള്ള സ്‌കൂളുകൾക്ക് മറ്റ് സ്‌കൂളുകളിലെ ബസ് സൗകര്യവും പ്രയോജനപ്പെടുത്തുന്നതാണ്. ഇത് രണ്ടും സാധ്യമല്ലാത്ത ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് ഓട്ടോറിക്ഷ പോലുള്ള വാടക വാഹനങ്ങളിൽ സ്‌കൂളുകളിൽ എത്താൻ യാത്രയ്ക്കു വേണ്ട ചാർജ്ജ് സ്‌കൂളുകളിൽ നിന്നോ പരീക്ഷാ ഫണ്ടിൽ നിന്നോ നൽകും.

മുതലമട ഭാഗത്തെ വിദ്യാർഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ബസ് സജ്ജമാക്കിയിട്ടുണ്ട്. ഈ ബസിൽ തമിഴ്നാട് അതിർത്തിയായ ഗോവിന്ദാപുരത്ത് നിന്നുള്ള വിദ്യാർത്ഥികളെ പരീക്ഷാകേന്ദ്രങ്ങളിലേക്കും തിരിച്ച് സ്വന്തം സ്ഥലങ്ങളിലേക്കും എത്തിക്കും.

ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേകം പരീക്ഷാ ക്ലാസ്സ്മുറികൾ

നിലവിൽ ജില്ലയിലുള്ള ഹോട്ട്‌സ്‌പോട്ട്/ കണ്ടെയ്ൻമെന്റ് സോണുകളിൽ എവിടെയും പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളിൽ നിന്നോ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്നോ വരുന്ന വിദ്യാർത്ഥികളെ പ്രത്യേകം ക്ലാസ്സ് മുറികളിൽ ഇരുത്തി പരീക്ഷ എഴുതിക്കും. തമിഴ്നാട്ടിൽ നിന്നും പരീക്ഷയ്ക്കായി എത്തുന്ന 36 വിദ്യാർത്ഥികൾക്ക് പ്രത്യേകം ക്ലാസ്സ് മുറികൾ ഒരുക്കിയിട്ടുണ്ട്. മറ്റു വിദ്യാർത്ഥികളുമായി സമ്പർക്കം ഉണ്ടാകാത്ത രീതിയിൽ ഇവരെ സ്‌കൂളുകളിൽ എത്തിക്കുന്നതിനും പരീക്ഷ അവസാനിച്ച ശേഷം സ്‌കൂളുകളിൽ നിന്ന് തിരിച്ചയക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ചെയ്യും.

കൈകൾ അണുവിമുക്തമാക്കാൻ സാമഗ്രികൾ സജ്ജം

എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പ് കൈകൾ അണുവിമുക്തമാക്കാൻ സോപ്പ്, വെള്ളം, സാനിറ്റൈസറുകൾ എന്നിവ ലഭ്യമാക്കും. നാഷണൽ സർവീസ് സ്‌കീം, എസ്. എസ്. കെ എന്നിവ മുഖേന 1,51,000 മാസ്‌കുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെർമൽ സ്‌കാനറുകൾ എ.ഇ.ഒ മുഖേന എത്തിക്കും. മുന്നൂറു വിദ്യാർത്ഥികൾക്ക് ഒരു തെർമൽ സ്‌കാനർ എന്ന അനുപാതത്തിൽ ജില്ലയിൽ ആകെ 190-ഓളം തെർമൽ സ്‌കാനറുകളാണ് എത്തിച്ചിരിക്കുന്നത്. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികൾ പ്രവേശനത്തിനും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതിനും പ്രത്യേകം ക്രമീകരിച്ച വഴികളുണ്ടാകും.

ആരോഗ്യവകുപ്പിന്റെ പരിശീലനം

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെർമൽ സ്‌കാനർ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതും മാസ്‌കുകൾ ലഭ്യമാക്കേണ്ടതും സംബന്ധിച്ച് അതത് കേന്ദ്രങ്ങളിൽ ചീഫിനും ഡെപ്യൂട്ടി ചീഫിനും ആരോഗ്യവകുപ്പ് പരിശീലനം നൽകിയിട്ടുണ്ട്.. ഇവർ പരീക്ഷാ ഇൻവിജിലേറ്റർമാർക്ക് നിർദേശങ്ങൾ നൽകും. വിദ്യാർത്ഥികൾ ശാരീരിക അകലം പാലിക്കേണ്ടതിനെക്കുറിച്ചും ആരോഗ്യവകുപ്പ് അധികൃതർ നിർദേശങ്ങൾ നൽകിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

എല്ലാ പരീക്ഷാകേന്ദ്രങ്ങളും അണുവിമുക്തമാക്കി ജില്ല അഗ്നിശമനസേന

ജില്ലയിലെ എല്ലാ പരീക്ഷാകേന്ദ്രങ്ങളും അഗ്നിശമനസേന അണുവിമുക്തമാക്കിയതായി ജില്ലാ ഓഫീസർ അരുൺ ഭാസ്‌കർ അറിയിച്ചു. പരീക്ഷാദിവസങ്ങളിൽ മുന്നൂറോളം സിവിൽ ഡിഫൻസ് വൊളണ്ടിയർമാർ, വിദ്യാർത്ഥികൾ ശാരീരിക അകലം പാലിക്കുന്നതും മാസ്‌കുകൾ കൃത്യമായി ധരിക്കുന്നതും സംബന്ധിച്ച് നിരീക്ഷിക്കും. വിദ്യാർത്ഥികൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകാനും പരീക്ഷാ കേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് വൊളണ്ടിയർമാരുടെ സാന്നിധ്യമുണ്ടാകും. പരീക്ഷകൾ അവസാനിക്കുന്ന മുറയ്ക്ക് ക്ലാസ് മുറികൾ അണുവിമുക്തമാക്കും.

കോവിഡ് 19 രോഗബാധ നിയന്ത്രണം: ഡ്രൈവർമാർ, മറ്റ് ജീവനക്കാർ, യാത്രക്കാർ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ

കോവിഡ് 19 രോഗവ്യാപനം നിയന്ത്രിക്കാൻ ഡ്രൈവർമാർ, ടാക്‌സികളിലെയും അന്തർസംസ്ഥാന വാഹനങ്ങളിലെയും യാത്രക്കാർ, ജീവനക്കാർ എന്നിവർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഡ്രൈവർമാരും ജീവനക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഡ്രൈവറും മറ്റ് ജീവനക്കാരും (കണ്ടക്ടർ, ക്ലീനർ, ഹെൽപ്പർമാർ) നിർബന്ധമായും യാത്രാ വേളയിലും പൊതുസ്ഥലങ്ങളിലും മൂന്ന് ലെയർ മാസ്‌ക് ധരിച്ചിരിക്കണം.

2.ഡ്രൈവർമാരും ജീവനക്കാരും വാഹനത്തിനുള്ളിൽ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പും ശേഷവും ഹാൻഡ്വാഷോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകണം.

3. ടാക്‌സികളിൽ യാത്രക്കാരെ വാഹനത്തിന്റെ പിൻ സീറ്റിൽ മാത്രം ഇരുത്തുക. മുൻ സീറ്റിൽ ഇരുന്നുള്ള യാത്ര അനുവദിക്കരുത്.

4. യാത്രക്കാർ വാഹനത്തിനുള്ളിലേക്ക് കയറുന്നതിനു മുൻപ് മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കാൻ ഡ്രൈവർമാർ നിർദ്ദേശം നൽകണം. നിർദ്ദേശം പാലിക്കാത്ത യാത്രക്കാരെ വാഹനത്തിലേക്ക് കയറാൻ അനുവദിക്കരുത്.

5. യാത്രക്കാരുമായി എപ്പോഴും പരമാവധി ഒരു മീറ്റർ അകലം നിർബന്ധമായും പാലിക്കേണ്ടതാണ്.

6. ഡ്രൈവർമാർ യാത്രക്കാരുടെ ബാഗുകൾ, ഹാൻഡ് ബാഗുകളുൾപ്പടെയുള്ള സാധനങ്ങളിൽ കഴിവതും തൊടാതിരിക്കുക. പരമാവധി യാത്രക്കാർ തന്നെ അവ കൈകാര്യം ചെയ്യാൻ നിർദേശം നൽകുക. അങ്ങനെ സാധിക്കാത്ത സാഹചര്യങ്ങളിൽ ഡ്രൈവർമാർ ഉടൻതന്നെ സോപ്പും , സാനിറ്റെസറും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.

7. ടാക്‌സികളിൽ യാത്ര ചെയ്യുന്നവർ ഡ്രൈവറുടേതുൾപ്പടെയുള്ള മുൻസീറ്റും പിൻസീറ്റുമായി സുതാര്യമായ തരത്തിൽ, പോളി കാർബൺ ഷീറ്റ് അല്ലെങ്കിൽ മറ്റു വസ്തുക്കൾ ഉപയോഗിച്ച് കൃത്യമായി വേർതിരിച്ചിക്കണം.

8. ഡ്രൈവർമാർ വാഹനത്തിൽ എ.സി. ഉപയോഗിക്കാതെ ജനലുകൾ തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കി യാത്ര ചെയ്യണം.

9. ഡ്രൈവർമാർ വാഹനത്തിൽ സാനിറ്റെസർ കരുതുകയും യാത്രക്കാർ വാഹനത്തിൽ കയറുന്നതിന് മുമ്പ് കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റെസർ നൽകുകയും വേണം.

10. വാഹനത്തിനുള്ളിൽ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം പൂർണമായും നിരോധിക്കണം.

11. ഡ്രൈവർക്ക് പനി പോലുള്ള രോഗലക്ഷണങ്ങളുണ്ടായാൽ (പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവ) 0471-2552056 എന്ന ദിശ ഹെൽപ്പ് ലൈൻ നമ്പറിലൊ ഏറ്റവും അടുത്ത് പരിരക്ഷ കിട്ടുന്ന കേന്ദ്രത്തെക്കുറിച്ചറിയാൻ 1056 – ലോ വിളിക്കാവുന്നതാണ്.

12. കൈവരികൾ, ഇരുമ്പഴികൾ സ്ഥിരമായി ജനസ്പർശമുളള പ്രതലങ്ങളിൽ സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുക.

13. മുഖം, വായ, മൂക്ക്, കണ്ണുകൾ എന്നിവയിൽ സ്പർശിക്കാതിരിക്കുക

14. മറ്റ് വ്യക്തികളുമായി ഹാൻഡ് ഷേക്ക്, ആലിംഗനം പോലുള്ള ശാരീരിക സ്പർശനം ഒഴിവാക്കുക

15. യാത്രക്കാരുടെയും വാഹന ജീവനക്കാരുടേയും ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുക. ആർക്കെങ്കിലും പനി പോലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ദിശ നമ്പറിൽ വിളിക്കുക.

16. അസുഖബാധിതരായവരെ ആംബുലൻസിൽ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകേണ്ടതാണ്.

17. ഡ്രൈവർമാർ ദൈനംദിന യാത്രക്കാരുടെ പേര്, സ്ഥലം, ഫോൺ നമ്പർ അടങ്ങിയ ലോഗ് ബുക്ക് സൂക്ഷിക്കേണ്ടതാണ്.

18. സഹ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ എന്നിവരും മുകളിൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കണം.

19. ഓരോ യാത്രയ്ക്കും ശേഷം വാഹനം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. (ഒരു ശതമാനം ബ്ലീച്ച് ലായിനി, ലൈസോൾ/സിൽവോക്‌സ്/ ഇക്കോഷീൽഡ് എന്നിവ ഇതിനായി ഉപയോഗിക്കാം). വൃത്തിയാക്കിയ ശേഷം യാത്രയ്ക്ക് മുമ്പ് വാഹനങ്ങളിലെ ഈർപ്പം ഇല്ലാതാക്കാൻ വിൻഡോകൾ തുറന്നിട്ടിരിക്കണം.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. യാത്രക്കാർ യാത്ര ആരംഭിക്കുന്നതിനു മുമ്പ് പനി, ചുമ, തൊണ്ടവേദന, മറ്റു ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ ഉൾപ്പെട്ട ലക്ഷണങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പു വരുത്തണം. ലക്ഷണങ്ങൾ ഉള്ളവർ യാത്ര ചെയ്യരുത്.

2. യാത്രവേളയിൽ മുഴുവൻ സമയവും യാത്രക്കാർ കൃത്യമായി മാസ്‌കുകൾ ധരിച്ചിരിക്കണം.

3. യാത്രാവേളയിൽ യാത്രക്കാർ തുടർച്ചയായും വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം.

4. യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ഒന്നിലധികം മാസ്‌കുകളും സാനിറ്റൈസറും കൈയിൽ കരുതിയിരിക്കണം.

5. യാത്രാവേളയിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ, ആരോഗ്യപരിരക്ഷ ലഭിക്കാൻ ദിശ നമ്പറിലോ സംസ്ഥാനതല ഹെൽപ് ലൈൻ നമ്പറിലോ വിളിക്കേണ്ടതാണ്. രോഗലക്ഷണമുളളവർക്ക് വാഹനത്തിൽ പ്രത്യേക സീറ്റ് നൽകേണ്ടതാണ്.

6. കൂടുതൽ യാത്രക്കാരുള്ള വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാർ ശാരീരിക അകലം പാലിക്കണം.

7. യാത്രക്കാർ പരിമിതമായ ലഗേജുകൾ മാത്രം കൈയിൽ കരുതുക. ഇത് പരമാവധി സ്വയം കൈകാര്യം ചെയ്യുക.

8. യാത്രക്കാരെ യാത്രയാകുന്നതിനോ സ്വീകരിക്കുന്നതിനോ ഒരാളെ മാത്രം ഏർപ്പാടാക്കുക.