കോവിഡ് പ്രതിരോധത്തിൽ സമാനതകളില്ലാത്ത ഇടപെടൽ നടത്തിയ കേരള പൊലീസ് ക്രമസമാധാന പാലനത്തിനും ഗണ്യമായ നേട്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം കേസുകളുടെ എണ്ണം കേരളത്തിൽ 30 ശതമാനം കുറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ജിഷ കൊലപാതകക്കേസ് ആണ് പൊലീസ് ഏറ്റെടുത്ത പ്രധാന അന്വേഷണം. അതുമുതൽ ഏറ്റവുമൊടുവിൽ പാമ്പ് കടിപ്പിച്ചിട്ടുള്ള കൊലപാതക കേസും കൂടത്തായി അടക്കം തെളിയിക്കാൻ പൊലീസിനു കഴിഞ്ഞു. പൊലീസ് സേന നവീകരണത്തിന്റെ പാതയിലാണ്. ജനമൈത്രി പൊലീസ് രാജ്യത്തിന് മാതൃകയായി മാറി.
ഫയർ സർവ്വീസ് സേവനത്തിന്റെ മകുടോദാഹാരണങ്ങൾ സൃഷ്ടിച്ച കാലം കൂടിയായിരുന്നു ഇത്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധത്തിലും നടത്തിയ ഇടപെടലുകൾ ഏവരുടെയും അംഗീകാരം നേടിയതാണ്.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരിക്കാനായതും സർക്കാരിന്റെ നേട്ടമാണ്.
കേരളത്തിന് നിരവധി അംഗീകാരങ്ങളാണ് ലഭിച്ചത്. എന്നാൽ, ഇനിയുള്ള നാളുകൾ നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. കോവിഡ് 19ന്റെ വ്യാപനം എവിടെ എത്തിനിൽക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ഈ ദിവസങ്ങളിൽ നാം കാണുന്നുണ്ട്.
നമ്മുടെ സഹോദരങ്ങൾ പലരും വരേണ്ടത് കൊറോണ വൈറസ് ബാധ വ്യാപകമായ സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമാണ്. വരുന്ന ഓരോരുത്തർക്കും നാം ചികിത്സ നൽകും. ഇവിടെ കൂടുതൽ ആളുകളിലേക്ക് വൈറസ് ബാധ പടരാതിരിക്കാനുള്ള ജാഗ്രതയും ശക്തമാക്കും. ഇവിടെ നാം കാണേണ്ടത് ഇനിയുള്ള നാളുകൾ ഈ മഹാമാരിക്കൊപ്പമുള്ള ജീവിതമാണ് നാടിന്റേത് എന്നതാണ്.
ജൂണിൽ മഴ തുടങ്ങുകയും മഴക്കാല രോഗങ്ങൾ വരികയും ചെയ്താൽ കൂടുതൽ സൗകര്യങ്ങൾ വേണ്ടിവരും. ഇതിനനുസരിച്ചുള്ള ആസൂത്രണമാണ് നടത്തുന്നത്. എല്ലാവരും സർക്കാരുമായി പൂർണമായി സഹകരിക്കണം. നാടിന്റെ ഭാവിയുടെ പ്രശ്നമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.