നിക്ഷേപരംഗത്ത് കേരളം വലിയൊരു മുന്നേറ്റത്തിന്റെ പാതയിലാണെന്നും പുതിയകാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യവസായ-വാണിജ്യരംഗത്തൊകെ ഉണർവ് കൈവന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ സർക്കാർ അധികാരമേറുമ്പോൾ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. ഭരണത്തിന്റെ ആദ്യ വർഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. അടുത്ത മൂന്നു വർഷവും ഈ മേഖലയെ ലാഭത്തിലാക്കി. 2017-18ൽ അഞ്ചു കോടിയും 2018-19ൽ 8 കോടിയുമായിരുന്നു ലാഭം. 2019-20ൽ 56 കോടി രൂപ പ്രവർത്തന ലാഭമുണ്ട്.
കേന്ദ്രം വിൽക്കാൻ തീരുമാനിച്ച പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, ബിഎച്ച്ഇഎൽ ഇഎംഎൽ, കാസർകോട്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച് എൻഎൽ) എന്നീ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കേന്ദ്രത്തിൽനിന്നുള്ള ചില അനുമതികൾ വൈകുന്നതാണ് ഇക്കാര്യം നീണ്ടുപോകാൻ ഇടയാക്കുന്നത്.
മെച്ചപ്പെട്ട നിക്ഷേപകസൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറി. നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ലളിതവും സൗഹാർദ്ദപരവുമായതോടെ സംരംഭം തുടങ്ങാൻ അങ്ങേയറ്റം അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു. കൂടുതൽ നിക്ഷേപകർ കേരളത്തിലേക്ക് ആകർഷിക്കപ്പെട്ടു. കൂടുതൽ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ലാഭപ്പട്ടികയിൽ കടന്നുവന്നു.
പുതിയ കാലത്തിനനുസരിച്ചുള്ള വ്യവസായ സംരംഭങ്ങൾ സർക്കാർ-സ്വകാര്യ മേഖലകളിൽ വ്യാപകമായി തുടങ്ങുകയാണ്. കൊച്ചിയിൽ നടന്ന അസൻഡ് 2020 പോലുള്ള നിക്ഷേപസംഗമങ്ങളിലൂടെ നിക്ഷേപകസൗഹൃദ കേരളത്തെ ഫലപ്രദമായി സംരംഭകർക്കിടയിൽ അവതരിപ്പിക്കാനും സാധിച്ചു.
വ്യവസായ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മുന്നേറ്റമാണ് മൂന്നര വർഷത്തിനിടെ ഉണ്ടായത്. കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി കേരളത്തിന്റെ വ്യവസായ വളർച്ചയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. കേരളത്തിന് അനുയോജ്യമായതും വൈവിധ്യമാർന്നതുമായ സംരംഭങ്ങൾ തുടങ്ങാൻ സഹായകമായ വിധത്തിൽ പുതിയ 14 വ്യവസായ പാർക്കുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തയ്യാറായി വരികയാണ്.
ഈ നേട്ടങ്ങളുടെ ഫലം പൂർണ്ണമായി അനുഭവിക്കാൻ, ഇതിനൊപ്പം ഒരു പുതിയ സംരംഭകത്വ സംസ്‌കാരം നമ്മുടെ നാട്ടിൽ വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്. ഈ തിരിച്ചറിവിലാണ് എന്റർപ്രെണേഴ്സ് ഡെവലപ്മെന്റ് ക്ലബുകൾ സജീവമാക്കാൻ തീരുമാനിച്ചത്.
കോവിഡിനെത്തുടർന്ന് ലോകത്താകെ വലിയ മാറ്റങ്ങൾ വരികയാണ്. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തീരുമ്പോൾ പുതിയ സാധ്യതകളും അവസരങ്ങളും തീർച്ചയായും വരും. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടമെന്ന ഖ്യാതിയാണ് ഇന്ന് കേരളത്തിനുള്ളത്. പുതിയ വ്യവസായസംരംഭങ്ങളെയും നിക്ഷേപത്തെയും ഇങ്ങോട്ട് ആകർഷിക്കാനുള്ള സാഹചര്യമായി സർക്കാർ ഇതിനെ കാണുകയാണ്.
വ്യവസായങ്ങൾ ഇന്ന് കേന്ദ്രീകരിച്ചിട്ടുള്ള പല രാജ്യങ്ങളിൽനിന്നും സുരക്ഷിത ഇടങ്ങളിലേക്ക് കുറെ വ്യവസായങ്ങൾ മാറ്റിസ്ഥാപിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിട്ടുള്ളത്. വ്യവസായ അനുമതികൾ വേഗത്തിലാക്കുന്നതിനുള്ള കർമപദ്ധതി നടപ്പാക്കും. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസൻസ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിൽ വാല്യു ആഡഡ് ലോജിസ്റ്റിക് പാർക്കും നിർമിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.
കേരളത്തിലേക്ക് വ്യവസായങ്ങൾ ആകർഷിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം വിദേശങ്ങളിൽ വ്യവസായം നടത്തുന്ന മലയാളികളെയും ഇവിടെയുള്ള വ്യവസായികളുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് ഇതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. കൊറിയ, ജപ്പാൻ, സിംഗപ്പൂർ, തായ്വാൻ, യുഎസ് എന്നീ രാജ്യങ്ങളിലെ വ്യവസായ സംഘടനാ-വ്യവസായ പ്രതിനിധികളെ ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തും.
ഊർജ മേഖലയിലെ പ്രധാന പദ്ധതിയാണ് ഗെയിൽ പൈപ്പ് ലൈൻ. നടപ്പാക്കുവാൻ കഴിയില്ലെന്ന് കരുതി 39 കിലോമീറ്ററിൽ പൈപ്പ് ഇട്ടു ഉപേക്ഷിച്ച വൻകിട പദ്ധതി 2016 ജൂണിൽ പുനരാരംഭിച്ചു. 444 കിലോമീറ്റർ നീളമുള്ള കൊച്ചി-മംഗലാപുരം പൈപ്പ് ലൈൻ പൂർത്തിയായി. ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് സ്ഥാപിക്കുന്നത് ഒഴികെ എല്ലാ ജോലികളും തീർന്നു. ഈ ജോലി മൂന്നാഴ്ച കൊണ്ട് പൂർത്തീകരിച്ചു ജൂൺ പകുതിയോടെ കമീഷൻ ചെയ്യുവാൻ കഴിയും. ഇതിനുപുറമെ കൂറ്റനാട്-വാളയാർ 95 കിലോമീറ്റർ നീളത്തിൽ പൈപ്പിടലും പൂർത്തിയായി. ഇക്കൊല്ലം ആഗസ്ത് 15ന് അത് കമ്മീഷൻ ചെയ്യാം എന്നാണ് ധാരണയായിട്ടുള്ളത്.
ഐഒഎജിയുടെ സിറ്റി ഗ്യാസ് പ്രോജക്ട് പുരോഗതിയിലാണ്. എൽഎൻജി ടെർമിനലിൽ നിന്നും ഗ്യാസ് ഗാർഹിക ആവശ്യങ്ങൾക്ക് ഉൾപ്പടെ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കൊച്ചിയിൽ ഏഴ് സിഎൻജി സ്റ്റേഷൻ ഈ പദ്ധതിയിലൂടെ കമ്മീഷൻ ചെയ്തു.
വൈദ്യുതി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് നാലു വർഷങ്ങൾ കൊണ്ട് ശ്രമിച്ചത്. 2017ൽ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു കൊണ്ട് സമ്പൂർണ്ണ വൈദ്യുതീകരണം കൈവരിച്ച സംസ്ഥാനമായി മാറി. ഈ നാലുവർഷം പവർകട്ടും ലോഡ് ഷെഡിങ്ങും മലയാളികൾ അറിഞ്ഞിട്ടില്ല.
മുടങ്ങിക്കിടന്ന കൊച്ചി-ഇടമൺ വൈദ്യുതി പ്രസരണ ലൈൻ യാഥാർത്ഥ്യമാക്കിയത് ഊർജരംഗത്തെ ശ്രദ്ധേയമായ നേട്ടമാണ്. പുകലൂർ-മടക്കത്തറ ഹൈവോൾട്ടേജ് ഡയറക്ട് കറന്റിന്റെയും പ്രവർത്തനം അവസാന ഘട്ടത്തിലാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. കൊച്ചിയെ അന്താരാഷ്ട്ര തലത്തിൽ തന്നെ വേറിട്ട് നിറുത്തുന്ന ഒരു ഗതാഗത പദ്ധതിയാണ് വാട്ടർ മെട്രോ പദ്ധതി. ഇതിലെ 38 ജെട്ടികളിൽ 8 എണ്ണം പണി പൂർത്തിയാവാറായി.
2017 ജൂണിൽ കൊച്ചി മെട്രോയുടെ പണി പൂർത്തികരിച്ചു നാടിനു സമർപ്പിച്ചത് ഈ സർക്കാരാണ്. ആറു മാസത്തിനുള്ളിൽ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള അടുത്ത റീച്ചും നാടിനു സമർപ്പിച്ചു. കഴിഞ്ഞ സെപ്തംബറിൽ മഹാരാജാസ് തൈകൂടം റീച്ചും നാടിനു സമർപ്പിച്ചു. ലോക്ക് ഡൌൺ തീരുന്ന മുറയക്ക് കൊച്ചി മെട്രോ ഫേസ് 1 അവസാന റീച്ചായ തൈകൂടംപേട്ട റീച്ചും നാടിനു സമർപ്പിക്കും. കൊച്ചി മെട്രോ നഗരപ്രാന്തപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
കെഎസ്ടിപി പദ്ധതിയിൽ ഈ സർക്കാർ വന്നതിനു ശേഷം 226 കിലോമീറ്റർ റോഡ് 951.66 കോടി രൂപ ചെലവിട്ട് പൂർത്തീകരിച്ചു. ഇതുകൂടാതെ 1,425.25 കോടി രൂപയുടെ 10 റോഡുകളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.
സംസ്ഥാന സർക്കാർ പകുതി ചെലവു വഹിച്ച 352.05 കോടിയുടെ, 13 കിലോമീറ്റർ നിളമുള്ള കൊല്ലം ബൈപ്പാസ് നാടിനു സമർപ്പിച്ചു. കാലങ്ങളായി പൂർത്തിയാകാതെ കിടന്ന ആലപ്പുഴ ബൈപ്പാസിന്റെ 98.6 ശതമാനം പണികളും തീർത്തു. രണ്ടു പാലങ്ങളിൽ ഒന്നിനും കൂടി റെയിൽവെ അനുമതി കിട്ടാനുണ്ട്, അത് കിട്ടിയാൽ രണ്ടു മാസത്തിനുള്ളിൽ നൂറു ശതമാനം പണിയും പൂർത്തിയാക്കി നാടിനു സമർപ്പിക്കാൻ കഴിയും.
കൊച്ചുവേളിയിൽ നിന്ന് കാസർകോടു വരെ 532 കിലോമീറ്റർ ദൂരത്തിൽ സെമി ഹൈസ്പീഡ് റെയിൽപാത നിർമിക്കും. തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലുള്ള പാതയിൽനിന്ന് മാറിയാണ് നിർദ്ദിഷ്ട റെയിൽഇടനാഴി നിർമിക്കുന്നത്. തിരൂർ മുതൽ കാസർകോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.