ആലപ്പുഴ : കടുത്ത ജാഗ്രത പുലർത്തേണ്ട സമയമാണ് കടന്നു പോകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരികയും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സങ്കീർണമായ സാഹചര്യത്തിൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ നമുക്കാവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കുള്ള മാസ്ക് വിതരണോദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ നിർദേശിക്കുന്ന മാർഗ നിർദേശങ്ങൾ വിജയകരമായി നടപ്പാക്കുന്നതിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രതിരോധ പ്രവർത്തങ്ങൾ താഴേത്തട്ടിൽ നടപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബ്ലോക്ക്‌ പരിധിയിൽ പരീക്ഷ എഴുതുന്ന 6000 വിദ്യാർത്ഥികൾക്കായി 18000 മാസ്‌കുകളാണ് നിർമിച്ചിട്ടുള്ളത്. ഒരു കുട്ടിക്ക് മൂന്നു മാസ്ക് വീതം നൽകും. മാസ്കിനു പുറമെ ഒരു സ്കൂളിനു സാനിടൈസറും നൽകും. കുടുംബ ശ്രീയുടെ അപ്പാരൽ തയ്യൽ യൂണിറ്റിലാണ് മുഴുവൻ മാസ്കുകളും നിർമിച്ചിട്ടുള്ളത്.

കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഭാ മധു, സെക്രട്ടറി കെ.എ തോമസ് തുടങ്ങിയവർ പങ്കെടുത്തു.