• കോവിഡിനൊപ്പം പ്രളയ സാധ്യത കൂടി മുന്നില്‍ കണ്ട് എം.പിമാരെയും എം.എല്‍.എ മാരെയും ഉള്‍പ്പെടുത്തി ജില്ല കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി വേണം

ആലപ്പുഴ: എം.എല്‍.എമാര്‍ നിര്‍ദ്ദേശിക്കുന്ന, കോവിഡുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് അടിയന്തിര ആവശ്യം കണക്കിലെടുത്ത് ഇളവുകള്‍ നല്‍കി നടപടി വേഗത്തിലാക്കണമെന്ന് ആലപ്പുഴയില്‍ നിന്നുള്ള എം.പിയും എം.എല്‍.എമാരും മുഖ്യ മന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നോട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എം.പി.മാരുടെയും എം.എല്‍.എ മാരുടെ പ്രത്യേക യോഗം വിളിച്ചത്.

എം.പിമാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് തടസ്സം നില്‍ക്കുന്നതായി ആലപ്പുഴയെ പ്രതിനിധീകരിച്ച് സംസാരിച്ച എ.എം.ആരിഫ് എം.പി പറഞ്ഞു. എം.എല്‍.എമാരായ സജി ചെറിയാന്‍, ആര്‍.രാജേഷ്, ഷാനിമോള്‍ ഉസ്മാന്‍, യു.പ്രതിഭ, ധനമന്ത്രിയുടെ പ്രതിനിധി കെ.ഡി.മഹീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. നിലവില്‍ കോവി‍ഡ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ കോ-ഓര്‍ഡിനേഷൻ നടക്കുന്നു. ‍

പ്രളയകാലത്ത് സ്വീകരിച്ച നടപടി പോലെതന്നെ നിയോജകമണ്ഡലം അടിസ്ഥാനത്തിലും ഒരു ജില്ലാതല ഉദ്യോഗസ്ഥനെ ഇക്കാര്യങ്ങൾ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതിന് നിയോഗിക്കണം. കോവിഡിനൊപ്പം തന്നെ വെള്ളപ്പൊക്ക സാധ്യതകൂടി കണക്കിലെടുത്ത് എംപിമാരുടെയും എംഎൽഎമാരുടെയും കോ-ഓര്‍ഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണം.

ഇത്തവണ അതിവര്‍ഷം ഉണ്ടാകുമെന്ന ശാസ്ത്ര നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെ നടപടികള്‍ എടുക്കണം. വീടുകളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിക്കേണ്ടി വരുമ്പോള്‍ സ്കൂളുകളിലാണ് പൊതുവേ ഇതിന് സ്ഥലം കണ്ടെത്തുക. അതുകൊണ്ടുതന്നെ റീബിൽഡ് കേരളയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും പദ്ധതിയിലുൾപ്പെടുത്തി ഇത്തരം സ്ഥാപനങ്ങളില്‍ കൂടുതല്‍ ടോയ്‌ലെറ്റുകൾ നിർമ്മിക്കുന്നത് നന്നായിരിക്കും. ഇത് പ്രതിസന്ധി സന്ദർഭത്തിൽ വലിയ ഉപകാരമായി മാറും.

ഇസാഫ് , മുത്തൂറ്റ് പോലുള്ള മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വയ്പ തിരിച്ചടവില്‍ രണ്ടു മാസത്തെ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഒരിക്കല്‍ കൂടി ആവശ്യപ്പെട്ട് ഇളവുകൾ അല്പം കൂടി നീട്ടി കിട്ടുന്നതിന് നടപടിയെടുക്കണം. വൈക്കം-തവണക്കടവ് ഫെറിയിൽ രണ്ട് ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഫെറി സർവീസ് ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെടെയുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് .

എംപിമാരുടെ ഫണ്ട് രണ്ടര കോടിയോളം രൂപ അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ എംപിമാർക്ക് കോവി‍ഡ് പ്രതിരോധത്തില്‍ ‍ ഒന്നും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുമെന്ന് എ.എം.ആരിഫ് എം.പി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംഎൽഎമാർ തങ്ങളുടെ ഫണ്ട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ എടുക്കണം. എംഎൽഎ ഫണ്ട് വിനിയോഗത്തിൽ പരമാവധി ഇളവുകൾ ഈ കാലഘട്ടത്തിൽ അനുവദിക്കേണ്ടതാണ്. വ്യവസ്ഥകൾ പാലിച്ചു നിയന്ത്രണങ്ങൾക്ക് അനുസൃതമായി വ്യായാമ കേന്ദ്രങ്ങള്‍ തുറക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഏറെകാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ഫലപ്രദമായ ഇടപെടല്‍ നടത്തണം. വാര്‍ഡുതല സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് എം.പിമാരും എം.എല്‍.എമാരും ഉറപ്പുവരുത്തണം. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി എം.പി.മാരും എം.എല്‍.എമാരും വീഡിയോ കോണ്‍ഫ്രന്‍സ് പോലുള്ള പുതിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ വിലയിരുത്തണം. ജില്ലയുമായി ബന്ധപ്പെട്ട് ശക്തമായ കാലവര്‍ഷത്തിന് മുന്നോടിയായി ചെയ്യേണ്ട തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. തങ്ങളുടെ മണ്ഡലത്തില്‍ ഇത് കൃത്യമായി നടക്കുന്നുവെന്ന് എം.പിമാരും എം.എല്‍.എമാരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.