എറണാകുളം: മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലെ കോണോത്തുപുഴ അടിയന്തരമായി ശുചീകരിക്കാന്‍ തീരുമാനിച്ചു. മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി എം.എല്‍.എമാരായ എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ ആവശ്യമെങ്കില്‍ ഇടക്കൊച്ചി ഫോര്‍ട്ടുകൊച്ചി കായല്‍ പ്രദേശത്തെ എക്കല്‍ നീക്കം ചെയ്യുവാനും തീരുമാനമായി.

കുമ്പളം – തേവര ബോട്ട് സര്‍വ്വീസ് നടത്തുന്നതിന് തേവര ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കാന്‍ കഴിയാത്തതില്‍ പരിഹാരം കാണണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ആവശ്യപ്പെട്ടു. കോണോത്തുപുഴയിലേക്ക് കരിങ്ങാച്ചിറ ഭാഗത്ത് നിന്നുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. ബാജിചന്ദ്രനെ ചുമതലപ്പെടുത്തി. അയിനിത്തോട് നവീകരണത്തിനുള്ള പുതിയ പ്രൊപ്പോസല്‍ ഉടന്‍ സമര്‍പ്പിക്കും.

യോഗത്തില്‍ ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ടി സന്ധ്യാദേവി, ഇറിഗേഷന്‍ എക്‌സി. എഞ്ചിനീയര്‍ പി. എസ് കോശി, എറണാകുളം ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍ സിന്ധു, ചമ്പക്കര ഇറിഗേഷന്‍ സെക്ഷന്‍ അസി. എക്‌സി. എഞ്ചിനീയര്‍ ചിത്ര പി. ബായ് എന്നിവര്‍ പങ്കെടുത്തു.