എറണാകുളം: പ്രകൃതിക്ഷോഭം മൂലം പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയുടെ കീഴില്‍ സംയോജിത കൃഷി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നു. കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗ പരിപാലനം, കോഴി, മത്സ്യം, താറാവ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ഭൂമിയില്‍ നിന്നും പരമാവധി ആദായം ഉറപ്പാക്കുന്നതാണ് സംയോജിത കൃഷിരീതി.

അഞ്ച് സെന്റ് മുതല്‍ 30 സെന്റ് വരെയുള്ള യൂണിറ്റുകള്‍ക്ക് 30000 രൂപവരെയും 31 സെന്റ് മുതല്‍ 40 സെന്റ് വരെയുള്ള യൂണിറ്റുകള്‍ക്ക് 40000 രൂപവരെയും 40 സെന്റ് മുതല്‍ രണ്ട് ഹക്ടര്‍ വരെയുള്ള യൂണിറ്റുകള്‍ക്ക് 50000 രൂപവരെ സാമ്പത്തിക സഹായം ലഭിക്കും. താല്‍പര്യമുള്ള 40 വയസ്സില്‍ താഴെയുള്ള യുവ കര്‍ഷകര്‍ക്ക് ജൂണ്‍ 15ന് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്കായി അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടാമെന്ന് ആത്മ ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.