കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 2) എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28 വയസുള്ള യുവതിക്കും( P65) ഒരു വയസുള്ള മകനും(P64) ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ മെയ് 28ന് കുവൈറ്റില്‍ നിന്നും എഐ-1596 ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്ത് എത്തുകയും എയര്‍പോര്‍ട്ട് ടാക്‌സിയില്‍ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയുമായിരുന്നു. യുവതിയുടെ ഭര്‍ത്താവിന് നേരത്തെ പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ഇവരുടെ സാമ്പിളും മെയ് 29 ന് എടുത്തിരുന്നു.

ഇന്നലെ പോസിറ്റീവ് സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. P66 ചവറ കരുത്തുറ സ്വദേശിയായ 39 വയസുള്ള ആളാണ്. അബുദാബിയില്‍ നിന്നും മെയ് 26 ന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം സ്‌പെഷ്യല്‍ കെ എസ് ആര്‍ ടി സി ബസില്‍ പാരിപ്പള്ളിയില്‍ എത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് മെയ് 29ന് സാമ്പിള്‍ എടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നലെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

P67 തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി 50 വയസുള്ള ആളാണ്. മെയ് 29ന് ദുബായില്‍ നിന്നും ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തെത്തി. മെയ് 30 ന് രാവിലെ സ്‌പെഷ്യല്‍ കെ എസ് ആര്‍ ടി സി ബസില്‍ പാരിപ്പള്ളിയില്‍ എത്തിയ ഇദ്ദേഹം സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു. അന്നുതന്നെ സാമ്പിള്‍ പരിശോധന നടത്തി. പോസിറ്റീവായതിനെ തുടര്‍ന്ന് ഇന്നലെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പരിചരണത്തിനായി പ്രവേശിപ്പിച്ചു.

P68 പത്തനാപുരം കുണ്ടയം സ്വദേശിയാണ്. 41 വയസുള്ള ഇദ്ദേഹം മെയ് 27 ന് അബുദാബിയില്‍ നിന്നും ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. പോസിറ്റീവായതിനെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിചരണത്തിലാണ്.
P69 കൊല്ലം കരുകോണ്‍ അലയമണ്‍ സ്വദേശിയാണ്. 32 വയസുള്ള ഇദ്ദേഹം സൗദിയില്‍ നിന്നും മെയ് 31 ന് എത്തിയതാണ്. ഇദ്ദേഹത്തെ പോസിറ്റീവായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

P70 കൊല്ലം പട്ടാഴി സ്വദേശിയായ യുവതിയാണ്. മെയ് 31 ന് ദുബായില്‍ നിന്നും ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്ത് എത്തിയ ഇവര്‍ ഗര്‍ഭിണിയാണ്. കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ച ഇവര്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
P71 കൊട്ടാരക്കര വെട്ടിക്കവല പനവേലി സ്വദേശിയായ 35 വയസുള്ള യുവതിയാണ്. മാലദ്വീപില്‍  ജോലി ചെയ്തിരുന്ന ഇവര്‍ മെയ് 10 ന് പുറപ്പെട്ട ഐ എന്‍ എസ് മഗര്‍ കപ്പലില്‍ മെയ് 12 ന് കൊച്ചിയിലെത്തി. കെ എസ് ആര്‍ ടി സി ബസില്‍ കൊല്ലത്തിയ ഇവര്‍ സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു.

മെയ് 27 ന് 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി. എന്നാല്‍ അതേ കപ്പലില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിള്‍ പരിശോധിച്ചു. മെയ് 29 ന് നെഗറ്റീവ് ആയി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓട്ടോയില്‍ പനവേലിയിലെ വീട്ടില്‍ എത്തിച്ചു. അവിടെ നിരീക്ഷണത്തില്‍ തുടര്‍ന്നു. 30ന്  ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ വീണ്ടും സാമ്പിള്‍ എടുത്തു. ജൂണ്‍ ഒന്നിന് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പരിചരണത്തിനായി പ്രവേശിപ്പിച്ചു.

കോവിഡ് 19 സ്ഥിതിവിവരം
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 4,253 സാമ്പിളുകളില്‍ 321 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 3,846 എണ്ണം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 25,780
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹനിരീക്ഷണത്തില്‍ നിന്ന് ചൊവ്വാഴ്ച (ജൂണ്‍ 2) വരെ 25,780 പേര്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ(ജൂണ്‍2) പുതുതായി പ്രവേശിക്കപ്പെട്ട 558 പേര്‍ ഉള്‍പ്പെടെ 6,416 പേരാണ് ഗൃഹനിരീക്ഷണത്തിലുള്ളത്.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ  നമ്പരുകളില്‍ ബന്ധപ്പെടാം.