എറണാകുളം: സമ്പൂര്‍ണ്ണ ഹരിതസൗഹൃദ വാര്‍ഡാകാന്‍ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ഒരുങ്ങി. നാലാം വാര്‍ഡായ തൈക്കാവിലെ 320 വീടുകളിലായി ആയിരത്തിലധികം വിവിധതരം ഫലവൃക്ഷത്തൈകളാണ് ഹരിത കര്‍മ്മസേനയുടെയും കുടുംബ ശ്രീയുടെയും സഹായത്തോടെ ഇതിനകം വിതരണം ചെയ്തത്. കേരള സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ജേതാവ് ഡോ. സൈജു ഖാലിദിന്റെയും ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച നന്മമരം പദ്ധതിയുടെ കീഴിലാണ്
വീടുകളില്‍ ഫലവൃക്ഷ പരിപാലനം ഊര്‍ജ്ജിതമാക്കിയത്. രണ്ടായിരത്തിലധികം ഫലവൃക്ഷങ്ങൾ വീടുകളിൽ പരിപാലിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വീട്ടുവളപ്പില്‍ വൃക്ഷതൈ നടുന്ന ഫോട്ടോ വാട്ട്‌സ് അപ് നമ്പറില്‍ അയച്ചാണ് നന്മമരം ചലഞ്ചില്‍ പങ്കാളികളാകുന്നത്. ലോക്ഡൗണ്‍ കാലത്ത് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വൃക്ഷതൈ വിതരണത്തിന്റെയും പരിപാലനത്തിനും ചുക്കാന്‍ പിടിച്ചത് വാര്‍ഡ് മെമ്പര്‍ ബാബു തട്ടാര്‍ക്കുന്നേലാണ്. വനംവന്യജീവി വകുപ്പിന്റെ കീഴില്‍ പാമ്പാക്കുടയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഫോറസ്ട്രി ഔട്ട് ലറ്റില്‍ നിന്നുമാണ് വിതരണത്തിനായുള്ള ഫലവൃക്ഷ തൈകള്‍ എത്തിച്ചത്. വനംവകുപ്പ് മന്ത്രി കെ. രാജു ലോക പരിസ്ഥിതി ദിനത്തിൽ ഓൺ ലൈനിൽ പദ്ധതിക്ക് ആശംസകൾ അറിയിക്കുമെന്ന് നന്മമരംപദ്ധതി പ്രവർത്തകർ അറിയിച്ചു.