ആലപ്പുഴ : ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികൾക്കായി വായന ശാല – ഗ്രന്ഥ ശാല പഠന കേന്ദ്രങ്ങൾ ഒരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട് ഗ്രാമ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വായനശാലകളും ഗ്രന്ഥ ശാലകളുമാണ് പ്രാദേശിക പഠനകേന്ദ്രങ്ങളായി മാറുന്നത്. പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം തുമ്പോളി കലാലയ വായനശാലയിൽ ധനകാര്യ -കയർ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിർവഹിച്ചു.
പൊതു വിദ്യാഭ്യാസം ഓൺലൈൻ പഠനസംവിധാനമായി മാറിയ സാഹചര്യത്തിൽ സ്മാർട്ട് ഫോൺ, ടെലിവിഷൻ എന്നിവ ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വായനശാലകളും ഗ്രന്ഥ ശാലകളും പഠന കേന്ദ്രങ്ങളാക്കി മാറ്റുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ടി. മാത്യുവിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുക്കപ്പെട്ട വായനശാലകൾക്കു ടെലിവിഷൻ സ്ഥാപിച്ചു നൽകുന്നത്. കുട്ടികളുടെ സംശയ നിവാരണത്തിന് 10 പേരടങ്ങുന്ന’ മെന്റർ ഗ്രൂപ്പുകൾ’ എല്ലാ കേന്ദ്രങ്ങളിലും രൂപീകരിക്കും. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുക.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ടി. മാത്യു, വായനശാല പ്രസിഡന്റ് പി. ആർ. ജയറാം, സെക്രട്ടറി കെ. എസ്. ശ്യാം, വി. കെ. പ്രകാശ് ബാബു എന്നിവർ പങ്കെടുത്തു.