ആലപ്പുഴ: ജില്ലാകളക്ടര്‍ എ അലക്‌സാണ്ടര്‍ ശനിയാഴ്ച രാവിലെ തണ്ണീര്‍മുക്കം ബണ്ടും അന്ധകാരനഴിയും സന്ദര്‍ശിച്ചു. മഴക്കാല ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലനിര്‍ഗമന സാധ്യതകള്‍ കാണാനും നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമാണ് അദ്ദേഹം തണ്ണീര്‍മുക്കം ബണ്ടും അന്ധകാരനഴിയും ഇവിടെ സന്ദര്‍ശിച്ചത്. തണ്ണീര്‍മുക്കം ബണ്ടിന് ഇരുവശവുമുള്ള മണല്‍ത്തിട്ടകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അദ്ദേഹം ഉദ്യോഗസ്ഥരില്‍ നിന്ന് ചോദിച്ചറിഞ്ഞു. വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് ഉടന്‍ നല്കാന്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. മണ്ണിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ നിലവിലെ സ്ഥിതിയും അറിയിക്കണം. ജില്ലാ കളക്ടര്‍ക്കൊപ്പം തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറ് പി എസ് ജ്യോതിസ്,എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ സതീശന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി അബ്ബാസ്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അന്ധകാരനഴി പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. അന്ധകാരനഴി സന്ദര്‍ശനത്തില്‍ പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍ പ്രമോദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സജിമോള്‍ ഫ്രാന്‍സിസ്, ആർഡിഒ എസ് സന്തോഷ് കുമാർ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് റ്റി . എച്ച് സലാം, പട്ടണക്കാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുമേഷ്, ചേര്‍ത്തല തഹസില്‍ദാര്‍ ഉഷ, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

ചിത്രമുണ്ട്