എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തേവര കായല്‍മുഖത്തെ എക്കല്‍ നീക്കം അതിവേഗം പൂര്‍ത്തിയാകുന്നു. ഇവിടെ കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുന്നത്. 93 ലക്ഷം രൂപയാണ് തേവരകായല്‍മുഖത്തെ തടസങ്ങള്‍ മാറ്റുന്നതിന് ചെലവ് കണക്കാക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് കൈമാറാനുള്ള ഒരുക്കത്തിലാണ് ജില്ലാഭരണകൂടം. നഗരത്തിലെ കാനകള്‍, ചെറുതോടുകള്‍ എന്നിവയിലൂടെ വെള്ളം പ്രധാനതോടുകളിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നഗരത്തിലെ പ്രധാന തോടുകളും കായല്‍മുഖങ്ങളും കേന്ദ്രീകരിച്ചാണ് നടത്തിയത്.

പ്രധാനതോടുകളില്‍ എത്തുന്ന ജലം കായലിലേക്ക് എത്തിക്കുന്നതിനാണ് രണ്ടാം ഘട്ടത്തില്‍ പ്രാധാന്യം നല്‍കിയത്. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന തോടുകളിലെയും അവയുടെ കായല്‍മുഖങ്ങളിലേയും തടസങ്ങള്‍ നീക്കി വെള്ളം കായലിലേക്ക് സുഗമമായി ഒഴുകി എത്തുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.