പത്തനംതിട്ട: മഴ കൂടുതല്‍ ശക്തമായില്ലെങ്കില്‍ പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണലെടുപ്പ് പ്രവര്‍ത്തനങ്ങള്‍ 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ഇതുവരെ എണ്ണായിരത്തിലധികം മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. 2018ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയിരുന്നു.

32 ടിപ്പറുകള്‍, 17 ഹിറ്റാച്ചി, ജെസിബി ഉള്‍പ്പടെ 50 വാഹനങ്ങളാണ്  മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തിലധികം ടിപ്പര്‍ ലോഡ് മണലുകള്‍ നിലവില്‍ നീക്കം ചെയ്തു.  എസ്.ഡി.ആര്‍.എഫ് ഫണ്ടുപയോഗിച്ചാണ് മണല്‍ മാറ്റുന്നത്.

എടുക്കുന്ന മണല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വനം വകുപ്പിന്റെ സ്ഥലത്തുതന്നെയാണ്  ഇടുന്നത്. കൂടുതല്‍ മണല്‍, മാലിന്യങ്ങള്‍ ഇടുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ ജെസിക്കുട്ടി മാത്യു, റാന്നി തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.