കുട്ടനാട് മണ്ഡലത്തിൽ പുളിങ്കുന്ന് – ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമല നദിക്ക് കുറുകെ പൊതുമരാമത്ത് പാലം വിഭാഗം നിർമ്മിച്ച വളരെ തന്ത്ര പ്രധാനമായ മങ്കൊമ്പ് പാലം യാഥാർഥ്യമാകുന്നു.
കുട്ടനാട് താലൂക്കിൽ ഈ സർക്കാർ വന്നതിന് ശേഷം ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ വലിയ പാലങ്ങളിൽ ഒന്നാണ് ഇത്. കഞ്ഞിപ്പാടം – വൈശ്യം ഭാഗം പാലം, ചമ്പക്കുളം – കനാൽ ജെട്ടി പാലം എന്നിവ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.
ജൂൺ 15 രാവിലെ 10 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവ്വഹിക്കും. തത്സമയം കൊടുക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിക്കും. വളരെ ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് പൊതുയോഗവും പ്രസംഗവുമില്ലാതെയാകും ചടങ്ങ് സംഘടിപ്പിക്കുന്നത്.
മൂന്ന് മാസത്തിനുള്ളിൽ കൈനകരിയിലെ പാലവും പണി പൂർത്തിയായി ഉദ്ഘാടനം ചെയ്യാനാകും. ഇത് കൂടാതെ എട്ട് പാലങ്ങളുടെ കൂടി നിർമ്മാണം ആരംഭിക്കുകയാണ്. കുട്ടനാട് താലൂക്കിൽ മാത്രം 12 പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പ് പിണറായി സർക്കാരിന്റെ കാലത്ത് നിർമ്മിക്കുന്നത്. മങ്കൊമ്പ് പാലത്തിന്റെ വടക്കെ കരയിൽ ഒരു റോഡ് നിർമ്മിക്കാനും പൊതുമരാമത്ത് വകുപ്പ് പദ്ധതി ഇട്ടിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ ഒട്ടാകെ 72 പാലങ്ങളാണ് നിർമ്മിച്ച് കൊണ്ടിരിക്കുന്നത്. അതിൽ 12 ഓളം പാലങ്ങൾ ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. ബാക്കി നിർമ്മാണ ഘട്ടത്തിലാണ്. ഇതിന് പുറമെയാണ് 24 കി.മീറ്റർ വരുന്ന ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ ചെറുതും വലുതുമായ 80 പാലങ്ങളുടെ നിർമ്മാണങ്ങളാണ് നടക്കുന്നത്. കേരളത്തിൽ ഒട്ടാകെ 700 ഓളം പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ നിർമ്മിച്ചതും നിർമ്മിച്ച് കൊണ്ടിരിക്കുന്നതുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.