ഓണ്‍ലെന്‍ പഠന കേന്ദ്രങ്ങളൊരുക്കി ജില്ലാ ഒളിംമ്പിക് അസോസിയേഷന്‍

ആലപ്പുഴ: കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയുടെ തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായമൊരുക്കി ജില്ലാ ഒളിംമ്പിക് അസോസിയേഷന്‍. ആലപ്പുഴ വാടയ്ക്കല്‍ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഒളിംബിക് അസോസിയേഷന്റെ സഹകരണത്തോട് കൂടി ആരംഭിച്ച ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ ശനിയാഴ്ച പൊതുമരാമത്ത് -രജിസ്ട്രേഷന്‍ വകുപ്പുുമന്ത്രി ജി.സുധാകരന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നുകൊടുത്തു. വാടയ്ക്കല്‍ സുപ്രീം റെസിഡെന്‍സിയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചാപ്പലിന്‍റെ ആഭിമുഖ്യത്തിലുള്ള പഠന കേന്ദ്രത്തിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒളിംബിക് അസോസിയേഷന്റെ സഹകരണത്തോടെയുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിലെ ടി.വിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. എ.കെ.ഡി.എസ് 140ാം നമ്പര്‍ കരയോഗം , എസ്.എന്‍.ഡി.പി ബ്രാഞ്ച് നമ്പര്‍ 3676 ശാഖായോഗം എന്നിവയുടെ സഹകരണത്തോടെയാണ് മറ്റ് രണ്ടു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ടി.വി യും കേബിള്‍ കണക്ഷനുമുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ തീരദേശ മേഖലയിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാകും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സാമൂഹിക അകലം പാലിച്ചാവും ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങലിലെ ക്ലാസുകള്‍ ക്രമീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. ഫാദര്‍ ജോര്‍ജ്ജ് കിഴക്കേവീട്ടില്‍ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി.ജി ജോണ്‍ബ്രിട്ടോ , മോളി ജേക്കബ്ബ്, ജില്ലാ ഒളിംബിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ജി വിഷ്ണു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.