അഞ്ചിടങ്ങളില്‍ പുലിമുട്ട് നിര്‍മിക്കാന്‍ അനുമതി ലഭിച്ചു
ആലപ്പുഴ: കടലാക്രമണം, വെള്ളപ്പൊക്കം എന്നിവ നേരിടുന്നതിന് ജില്ലയിലെ എല്ലാ വകുപ്പുകളും
പൂർണ്ണ സജ്ജമാകണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. കാലവർഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ആസൂത്രണ സമിതിഹാളില്‍ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. കാലവർഷം ശക്തിപ്പെട്ടാല്‍ കടലാക്രമണ സാധ്യത കൂടും. ഇക്കാര്യത്തിൽ ഇറിഗേഷൻ വകുപ്പിൻറെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകണമെന്ന് മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. കടലാക്രമണം തടയാന്‍ ശാസ്ത്രീയമായ പരിഹാര മര്‍ഗ്ഗങ്ങള്‍ തേടണം. ഇതിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കണം. കിഫ്ബിയുടെ സഹായത്താൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പുലിമുട്ടുകൾ സ്ഥാപിക്കുന്നതിനുള്ള അഞ്ചു പ്രവർത്തികൾക്ക് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 184 .04 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ടെന്‍ഡര്‍ നടപടിയായ സ്ഥിതിക്ക് ഇനി കരാർ വെച്ച് പണികൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ മന്ത്രിയെ അറിയിച്ചു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ കോമന മുതൽ പുന്നപ്ര ഫിഷ് ലാൻഡിംഗ് സെൻറർ വരെ 2.75 കിലോമീറ്റർ, ആലപ്പുഴ നിയോജക മണ്ഡലത്തിൽ ഓടാ പൊഴിമുതല്‍ വാഴക്കൂട്ടം പൊഴിവരെ 3. 2 കിലോമീറ്റർ, ഹരിപ്പാട് നിയോജക മണ്ഡലത്തിൽ വട്ടച്ചാൽ 2.80 കിലോമീറ്ററും ആറാട്ടുപുഴയില്‍ 1.20 കിലോമീറ്ററും പതിയാങ്കരയില്‍ 1.50 കിലോമീറ്ററുമാണ് അനുമതി ലഭിച്ചിട്ടുള്ള പ്രവര്‍ത്തികള്‍. കൂടാതെ കുട്ടനാട്ടിലെ പ്രളയ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സമിതിയില്‍ നിന്നുള്ള തുക വിനിയോഗിച്ചുള്ള അഞ്ഞൂറിലധികം ജോലികളും പുരോഗമിക്കുന്നുണ്ട്. തോട്ടപ്പള്ളി പൊഴിമുഖം മുതല്‍ വീയപുരം വരെ 11 കിലോമീറ്റര്‍ ആഴം കൂട്ടുന്നതിന് മൂന്ന് ഡ്രഡ്ജറുകള്‍ പ്രവര്‍ത്തിക്കുന്നു. പൊഴിമുഖം വീതികൂട്ടല്‍ പ്രവര്‍ത്തിയും പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. എം.പി.മാരായ എ.എം.ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ മാരായ ആര്.രാജേഷ്, യു.പ്രതിഭ, ഷാനിമോള്‍ ഉസ്മാന്, മന്ത്രി പി.തിലോത്തമന്റെ പ്രതിനിധി , ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, നഗരസഭാ ചെയര്മാന്മാരായ ഇല്ലിക്കല്‍ കുഞ്ഞുമോന്, എന്‍.ശിവദാസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി.എബ്രഹാം, വിവിധ വകുപ്പുതല മേധാവികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് കെയര്‍ സെന്റര്‍ നഗരസഭാ പരിധിയിലാണ് കൂടുതലായി പ്രവര്‍ത്തിക്കുന്നതെന്നും നഗര സഭകള്‍ക്ക് ഫണ്ട് നല്‍കുമെന്നും ജില്ല കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. കോവിഡ് കെയര്‍ സെന്ററുകളിലെ ശുചീകരണത്തിന് ജീവനക്കാരെ പ്രതിഫലം നല്കി നിയമിക്കാനുള്ള നടപടി സ്വീകരിച്ചതായും കളക്ടര്‍ പരഞ്ഞു.
പൊതുമരാമത്ത് അറ്റകുറ്റപ്പണി; പൂര്‍ത്തിയാകുന്നത് 23 പ്രവൃത്തികള്‍
ഒമ്പതു മണ്ഡലങ്ങളിലായി 23 പ്രവർത്തികൾ മഴക്കാലത്തിനു മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്നതായി പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലും ഏകദേശം എട്ടു ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്. ആകെ 73.5 ലക്ഷം രൂപയുടെ ജോലികളാണ് ഇത്തരത്തിൽ നടന്നുവരുന്നത്. 90 ശതമാനവും പൂർത്തിയായതായിട്ടുണ്ട്. ആലപ്പുുഴ നഗരസഭയിലും അമ്പലപ്പുുഴ മണ്ഡലത്തിലുമായി ഓട വൃത്തിയാക്കാനും നടപടി എടുത്തുവരുന്നു. പൊതു മരാമത്ത് കെട്ടിടം പണി പുരോഗമിക്കുന്ന പ്ലോട്ടുകളില്‍ ടാങ്കറിലും വീപ്പയിലും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുുവരുത്താന് നടപടി എടുക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൊതുക് പെരുകുന്ന സാഹചര്യം സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ നടക്കുന്നയിടങ്ങളില്‍ ഉണ്ടാവരുത്.
63 ഗ്രാമപഞ്ചായത്തുകള്‍ക്കും അഞ്ച് നഗരസഭകള്‍ക്കും ശുചിത്വ മിഷന് വിഹിതം
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ശുചിത്വ മിഷന് വിഹിതം വാര്‍ഡ് ഒന്നിന് 10, 000 രൂപ പ്രകാരം ഫണ്ട് നല്കുന്നു. 63 ഗ്രാമപഞ്ചായത്തുകള്‍ക്കും അഞ്ച് നഗരസഭകള്‍ക്കും തുക ലഭ്യമായി. ബാക്കി പഞ്ചായത്തുകള്‍ക്കും തുക നല്‍കുമെന്ന് ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ അധിക ടോയ്ലറ്റ് സ്ഥാപിക്കുന്നതിന് 178 എണ്ണം അനുവദിച്ചതില്‍ 153 എണ്ണം പ്രോജക്ട് വച്ചിട്ടുണ്ട്. ക്ലീന്‍ കേരള കമ്പനി വഴി ഇതുവരെ 405 ടണ്‍ ജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.
രാമങ്കരിയില്‍ ഫയര്‍ ഫോഴ്സ് താല്‍ക്കാലിക യൂണിറ്റിന് നിര്‍ദ്ദേശം
രാമങ്കരിയില്‍ അടിയന്തിര ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഒരു താല്‍ക്കാലിക ഫയര്‍ ഫോഴ്സ് യൂണിറ്റ് സ്ഥാപിക്കാന്‍ വകുപ്പു തല നടപടി വേണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന് വകുപ്പുമായി ബന്ധപ്പെടണം. ആലപ്പുുഴയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് നിലവിലുള്ള പമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫയര്‍ ഫോഴ്സും ഇറിഗേഷന്‍ വകുപ്പും നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്കി.
തദ്ദേശ സ്വയം ഭരണം
വാർഡ് തലത്തിലടക്കം ചെറു തോടുകൾ, കനാലുകൾ എന്നിവ ശുചീകരിക്കുകയും വെള്ളം ഒഴുകി മാറാനുള്ള തടസ്സങ്ങൾ നീക്കിയതായി പഞ്ചായത്ത് ഉപഡയറക്ടര്‍ അറിയിച്ചു. 495 പദ്ധതികള്‍ വിവിധ പഞ്ചായത്തുകളില്‍ നടക്കുന്നുണ്ട്. ഇതില്‍ 131 എണ്ണം പുരോഗമിക്കുന്നു. മഴ കടുക്കുന്നതിന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള റാപിഡ് റെസ്പോൺസ് ടീമുകൾക്ക് ദുരന്ത നിവാരണ സമിതിയുമായി ചേർന്നു ജില്ലാ തല പരിശീലനം ഉടന്‍ നല്‍കും.
ആരോഗ്യവകുപ്പ്
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്‍കരുതലുകള്‍ സുസജ്ജമെന്ന് ആരോഗ്യ വകുപ്പ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ സഹായത്തിനായുള്ള മെഡിക്കല്‍ സംഘങ്ങളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. കിടപ്പുരോഗികളെ മാറ്റുന്നതടക്കമുള്ള ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ‘റാപ്പിഡ്-റെസ്പോണ്‍സ് ടീം’ അടക്കമുള്ളവരുടെ സേവനം ഉറപ്പുവരുത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുുവരുത്തും. മെഡിക്കല്‍ കോളജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പരാധീനതകള്‍ പരിഹരിക്കുന്നതിന് രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശുചിത്വമിഷന്, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് , ജില്ല ഭരണകൂടം എന്നിവയുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി എടുക്കും.
കെ.എസ്.ഇ.ബി
മഴക്കാലത്ത് വൈദ്യുതി ബന്ധം തകരാറിലാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളെല്ലാം തന്നെ ജില്ലയില്‍ പൂര്‍ത്തീകരിച്ച് വരികയാണ്. ലൈനുകളിലേക്ക് വീഴാന്‍ സാധ്യതയുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുന്ന നടപടികളടക്കം അടിയന്തരമായി പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള ട്രാന്‍സ്ഫോര്‍മറുകളില്‍ അവ നടത്തുകയും മാറ്റി സ്ഥാപിക്കേണ്ടവ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ നല്കി വൈദ്യൂതി ബന്ധം തടസ്സപ്പെടാത്ത സാഹചര്യം ഉറപ്പുുവരുത്താന് നിര്‍ദ്ദേശം നല്കി.
റവന്യൂ
കോവിഡ് കാലം കൂടി കണക്കിലെടുത്ത് വകുപ്പിന് കീഴില്‍ വരുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഇതിനായി സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വ്യത്യസ്ത സ്വഭാവത്തിലുള്ളതും കോവിഡ് പ്രതിരോധം ഉറപ്പ് വരുത്തുന്നതുമായ കെട്ടിടങ്ങളിലായിരിക്കും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. കുട്ടനാട്ടില്‍ ഇത്തവണ പ്രളയമുണ്ടായാല്‍ ക്യാമ്പുകള്‍ അവിടെ തുറക്കില്ല. കുട്ടനാട്ടിലെ ജനങ്ങളെ നേരത്തെ തന്നെ മറ്റ് പ്രദേശങ്ങളിലുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുും,.