കൊല്ലം: നെടുമ്പനയിലെ ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പടെ ജില്ലയില്‍ വ്യാഴാഴ്ച 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എല്ലാവരെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേര് വിദേശത്ത് നിന്നും ഒരാള്‍ ചെന്നെയില്‍ നിന്നും എത്തിയവരാണ്. മയ്യനാട് സ്വദേശിനിക്ക്(25 വയസ്) ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച ഏരൂര്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കത്തിലൂടെയാവാം രോഗം പകര്‍ന്നത് എന്നാണ് നിഗമനം. എസ് എന്‍ കോളജിന് സമീപമുള്ള മുണ്ടയ്ക്കല്‍ സ്വദേശി(23 വയസ്) മലപ്പുറത്ത് നിന്നും ബൈക്കില്‍ നാട്ടില്‍ എത്തിയ വ്യക്തിയാണ്.
നെടുമ്പന സ്വദേശി(32 വയസ്), ഭാര്യ(29 വയസ്), ഒരു വയസുള്ള മകള്‍, തേവലക്കര പാലക്കല്‍ സ്വദേശി(67 വയസ്), മൈനാഗപ്പള്ളി കടപ്പ സ്വദേശി(23 വയസ്), മണ്‍ട്രോതുരുത്ത് പെരിങ്ങാലം സ്വദേശി(44 വയസ്), പെരിനാട് വെള്ളിമണ്‍ സ്വദേശി(27 വയസ്), ശാസ്താംകോട്ട സ്വദേശി(30 വയസ്), പത്തനാപുരം മാലൂര്‍ സ്വദേശി(22 വയസ്), പെരിനാട് ഞാറയ്ക്കല്‍ സ്വദേശി(68 വയസ്), നിലമേല്‍ സ്വദേശി(57 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 18) കോവിഡ് സ്ഥിരീകരിച്ചത്.
മയ്യനാട് സ്വദേശിനി പരിപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി കല്ലുവാതുക്കല്‍, വര്‍ക്കല, പള്ളിക്കല്‍, കൊട്ടിയം, കല്ലമ്പലം, അറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മെയ് 28 ന് മയ്യനാട് ഷിയാ ആശുപത്രിയിലും ജൂണ്‍ 15 ന് എന്‍ എസ് ആശുപത്രിയിലും സന്ദര്‍ശിച്ചിട്ടുണ്ട്.
നെടുമ്പനയിലെ കുടുംബം മെയ് 31ന് അബുദാബിയില്‍ നിന്നും നാട്ടിലെത്തി സ്ഥാപന നിരീക്ഷണത്തില്‍ ഏഴ് ദിവസവും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലുമായിരുന്നു. തേവലക്കര പാലക്കല്‍ സ്വദേശി ജൂണ്‍ 13ന് ചെന്നൈയില്‍ നിന്നും കാറില്‍ നാട്ടിലെത്തിയതാണ്. മൈനാഗപ്പള്ളി കടപ്പ സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. മണ്‍ട്രോതുരുത്ത് പെരിങ്ങാലം സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
പെരിനാട് വെള്ളിമണ്‍ സ്വദേശി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി സ്ഥാപനനിരീക്ഷണത്തിലായിരുന്നു. ശാസ്താംകോട്ട സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പത്തനാപുരം മാലൂര്‍ സ്വദേശി ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നും നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. പെരിനാട് ഞാറയ്ക്കല്‍ സ്വദേശി ജൂണ്‍ 14 ന് ദുബായില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. നിലമേല്‍ സ്വദേശി ജൂണ്‍ 12 ന് അബുദാബിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
എട്ടു പേര് രോഗമുക്തി നേടി
ജില്ലയില്‍ വ്യാഴാഴ്ച എട്ടു പേര് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 23 ന് കോവിസ് പോസിറ്റീവായ പുനലൂര്‍ മടത്താംകുഴി സ്വദേശിനി(32 വയസ്), മേയ് 27 കോവിഡ് സ്ഥിരീകരിച്ചവരായ പന്മന സ്വദേശി(22 വയസ്), കുളത്തൂപ്പുഴ വില്ലുമല സ്വദേശി(27 വയസ്), ജൂണ്‍ രണ്ടിന് കോവിഡ് പോസിറ്റീവായ ചെളിക്കുഴി സ്വദേശികളായ ഒരു വയസുള്ള ആണ്‍കുട്ടിയും 28 വയസുള്ള യുവതിയും ജൂണ്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊല്ലം വിഷ്ണത്തുകാവ് സ്വദേശി(20 വയസ്), ജൂണ്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൈനാഗപ്പള്ളി കടപ്പ സ്വദേശി(46 വയസ്), ജൂണ്‍ ഒന്‍പതിന് കോവിഡ് സ്ഥിരീകരിച്ച തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനി(31) എന്നിവരാണ് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. എല്ലാവരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ.
ക്വാറന്റയിന്‍ ലംഘനം: ആരോഗ്യ വകുപ്പ് കേസെടുത്തു
ക്വാറന്റയിനില്‍ കഴിയാതെ കറങ്ങിനടന്ന മൂന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തു. മഹാരാഷ്ട്രയില്‍ നിന്നും ഇതര സംസ്ഥാനക്കാരെ കൊണ്ടുവിട്ട് നാട്ടിലെത്തിയ ഡ്രൈവര്‍മാരാണ് ക്വാറന്റയിന്‍ ലംഘനം നടത്തിയത്. വാര്‍ഡ് അംഗവും പൊലീസും ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞെങ്കിലും തയ്യാറായില്ല. തുടര്‍ന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് എം നാരായണന് നേരിട്ട് കേസെടുത്തത്.
കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 23-ാം വാര്‍ഡില്‍ കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയും മറ്റ് കണ്ടെയിന്മെന്റ് സോണുകളായിരുന്ന 20, 21, 22 വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.
നിലവില്‍ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പന്മന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അതേപടി തുടരും. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഇ എസ് എം കോളനി(വാര്‍ഡ് 4), റോസ് മല(5), അമ്പതേക്കര്‍(6), അമ്പലം(7), ചോഴിയക്കോട്(8), ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചന്‍കോവില്‍ ക്ഷേത്രം(1), അച്ചന്‍കോവില്‍(2), ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ താഴെ പറയുന്ന ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
ഈ പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥലങ്ങളിലും മൂന്ന് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. പൊതു സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ട് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. വഴിയോര കച്ചവടം, ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവ ഒഴികെ മറ്റ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. പ്ലാന്റേഷന്, നിര്‍മാണ മേഖലകളില്‍ അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാന്‍ പാടില്ല. വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള കച്ചവടം നിരോധിച്ചു.